രേഖകളില്ലാതെ കടത്തിയ രണ്ട് കോടിയിലധികം രൂപ വില വരുന്ന സ്വർണം ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ പിടികൂടി






പാലക്കാട് :  രേഖകളില്ലാതെ കടത്തിയ രണ്ട് കോടിയിലധികം രൂപ വില വരുന്ന സ്വർണം പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ പിടികൂടി.

മുംബൈ സ്വദേശികളായ രണ്ടുപേരെ ആർ പി എഫ് ക്രൈം ഇന്റലിജൻസ് വിഭാഗം കസ്റ്റഡിയിലെടുത്തു. 

സംഘത്തിന് വിമാനത്താവളം വഴി സ്വർണം കടത്തുന്നവരുമായി ബന്ധമുണ്ടെന്ന സൂചന കസ്റ്റംസ് പ്രത്യേകം പരിശോധിക്കും.

ആഭരണത്തിന് പുറമെ ബിസ്‌ക്കറ്റുകളാക്കിയാണ് നാലരക്കിലോയിലധികം സ്വർണം ഒളിപ്പിച്ചിരുന്നത്. 

ആർ പി എഫ് ക്രൈം ഇന്റലിജൻസ് വിഭാഗത്തിന്റെ പതിവ് പരിശോധനയ്ക്കിടെ സംശയം തോന്നി ബാഗ് കണ്ടെടുക്കുകയായിരുന്നു. 
ബാഗിൽ തുണികൾക്കിടയിലായിരുന്നു സ്വർണം. 

ശബരി എക്സ്പ്രസിൽ ഹൈദരാബാദിൽ നിന്ന് തൃശ്ശൂരിലെ ജ്വല്ലറികളിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നാണ് പിടിയിലായവരുടെ മൊഴി. 

വിമാനത്താവളം വഴി കടത്തുന്നതിന് സമാനമായ സ്വർണ ബിസ്ക്കറ്റ് പിടികൂടിയതാണ് കസ്റ്റംസിന് സംശയം കൂട്ടിയത്.  വിമാനത്താവളം വഴി സ്വർണം കടത്തുന്ന പതിവ് സംഘത്തിൽ നിന്ന് സ്വർണം വാങ്ങിയവരാകാൻ സാധ്യതയെന്ന് കസ്റ്റംസ്.

പിടിയിലായവരുടെ കൈയ്യിലുണ്ടായിരുന്നത് ഒരു മാസത്തിലധികം പഴക്കമുള്ള രേഖകളായിരുന്നു.
പഴയ ബില്ല് കൈവശം വയ്ക്കുകയും ഒന്നിലധികം തവണ സ്വർണം കടത്താൻ ഉപയോഗപ്പെടുത്തിയതായും സൂചനയുണ്ട്.

Previous Post Next Post