യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാന്‍, ചൈന രാജ്യങ്ങള്‍ക്കും പ്രധാനമന്ത്രി പ്രസംഗത്തിനിടെ മുന്നറിയിപ്പ് നല്‍കി.
ലോകമെങ്ങും മൗലികവാദവും തീവ്രവാദ ചിന്തയും വര്‍ധിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശാസ്ത്രീയാടിത്തറയുള്ള വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കണം. ഭീകരതയെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നവര്‍ക്കുതന്നെ അത് വിനയാകും. അഫ്ഗാനിസ്ഥാനെ സ്വാര്‍ത്ഥ താത്പര്യത്തിനായി ഉപയോഗിക്കരുത്. അഫ്ഗാനിസ്ഥാനിലെ ജനതയെ സംരക്ഷിക്കാന്‍ ലോകത്തിന് ഉത്തരവാദിത്വമുണ്ട്. അഫ്ഗാനിലെ സ്ത്രീകളുടേയും കുട്ടികളുടേയും ന്യൂനപക്ഷങ്ങളുടേയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം.
വികസനമെന്നത് എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാകണം. ജനാധിപത്യം സഫലവും സാര്‍ഥകവും ആണെന്ന് ഇന്ത്യ തെളിയിച്ചതായും യുഎന്‍ പൊതുസഭയില്‍ പ്രധാനമന്ത്രി പറഞ്ഞു. ഈ വര്‍ഷം ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷത്തിലേക്കു കടന്നു. ഞങ്ങളുടെ നാനാത്വമാണു ശക്തമായ ജനാധിപത്യ രാജ്യത്തിന്റെ സ്വത്വം.
കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി ലോകം 100 വര്‍ഷത്തിനിടയിലെ ഏറ്റവും തീവ്രമായ മഹാമാരിയെ നേരിടുകയാണ്. ഇന്ത്യയില്‍ വാക്‌സിന്‍ നിര്‍മിക്കുന്നതിനായി എല്ലാ വാക്‌സിന്‍ കമ്ബനികളെയും ക്ഷണിക്കുകയാണ്. ലോകത്തെ ആദ്യ ഡിഎന്‍എ വാക്‌സിന്‍ ഇന്ത്യ വികസിപ്പിച്ച കാര്യം യുഎന്നിനെ അറിയിക്കുകയാണ്. 12 വയസിനു മുകളിലുള്ള ആര്‍ക്കും ഈ വാക്‌സിന്‍ നല്‍കാം. ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ നാസല്‍ വാക്‌സിനും വികസിപ്പിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡിനെതിരെ പോരാടി ജീവന്‍ വെടിഞ്ഞവര്‍ക്കെല്ലാം ആദരം അര്‍പ്പിക്കുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.