ബിസിനസ് പങ്കാളിയെ വധിക്കാന്‍ ക്വട്ടേഷന്‍; സിനിമാ നിര്‍മാതാവ് അറസ്റ്റില്‍



കൊല്ലം  ▪️ബിസിനസ് പങ്കാളിയെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ സിനിമാ നിര്‍മാതാവ് അറസ്റ്റില്‍. കിങ് ഫിഷര്‍ എന്ന സിനിമയുടെ നിര്‍മാതാവ് മങ്ങാട് അജി മന്‍സിലില്‍ അംജിത്ത് (46) ആണ് അറസ്റ്റിലായത്.
കേസില്‍ പ്രതികളായ കിളികൊല്ലൂര്‍ ഒരുമ നഗര്‍-22 കാട്ടുപുറത്തുവീട്ടില്‍ ടി.ദിനേശ് ലാല്‍, ചമ്പക്കുളം വയലില്‍ പുത്തന്‍വീട്ടില്‍ എസ്.ഷാഫി, നക്ഷത്ര നഗര്‍-112 റഹിയാനത്ത് മന്‍സിലില്‍ വിഷ്ണു (22), വയലില്‍ പുത്തന്‍വീട്ടില്‍ പി.പ്രജോഷ് (31), കിളികൊല്ലൂര്‍ സ്വദേശി മാഹിന്‍ എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു. കേസിലെ ഒരു പ്രതി തീവണ്ടിതട്ടി മരിച്ചു.
അടൂര്‍ കണ്ണംകോട് നാലുതുണ്ടില്‍ വടക്കതില്‍ എ.ഷബീറി (40) നെ എം.സി.റോഡില്‍ കാര്‍ തടഞ്ഞുനിര്‍ത്തിയാണ് ആക്രമിച്ചത്. 2019 മേയ് എട്ടിന് രാത്രി എം.സി.റോഡില്‍ കരിക്കത്തായിരുന്നു സംഭവം. ഗള്‍ഫില്‍ പോകാനായി തിരുവനന്തപുരം വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ ഷബീറിന്റെ കാര്‍, സംഘം തടഞ്ഞുനിര്‍ത്തി വടിവാളും ഇരുമ്പുകമ്പിയും കൊണ്ട് ആക്രമിച്ചു. ഡ്രൈവറെ ഓടിച്ചശേഷം ഷബീറിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു.
ഷബീറും അംജിത്തും പങ്കാളികളായി ദുബായില്‍ മൊബൈല്‍ കട നടത്തിയിരുന്നു. കച്ചവടാവശ്യത്തിനും സിനിമാ നിര്‍മാണത്തിനുമായി അംജിത്ത് ഷബീറില്‍ നിന്നു ലക്ഷക്കണക്കിനുരൂപയും കൈപ്പറ്റിയിരുന്നു. പിടിയിലായവരെല്ലാം ഒട്ടേറെ കേസുകളില്‍ പ്രതികളാണ്. ഗള്‍ഫിലായിരുന്ന അംജിത്തിനായി പോലീസ് ലുക്കൗട്ട് നോട്ടീസും ഇറക്കിയിരുന്നു.


Previous Post Next Post