ഫീസ് അടയ്ക്കാനാവാത്തതിന്‍റെ മനോവിഷമം; മംഗളൂരുവിൽ മലയാളി നഴ്‌സിങ് വിദ്യാർഥിനി ജീവനൊടുക്കിയനിലയിൽ

മംഗളൂരു: മംഗളൂരുവിലെ കോളേജിൽ പഠിക്കുന്ന മലയാളി നഴ്സിങ് വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയനിലയിൽ കണ്ടെത്തി. ചിറ്റാരിക്കൽ അരിമ്പയിലെ തൂമ്പുങ്കൽ ഝാൻസി-സതീഷ് ദമ്പതിമാരുടെ മകൾ നിന സതീഷ് (19) ആണ് മരിച്ചത്. മംഗളൂരു കൊളാസോ സ്കൂൾ ഓഫ് നഴ്സിങ്ങിൽ ഒന്നാം വർഷ നഴ്സിങ് വിദ്യാർഥിനിയാണ്.
ചൊവ്വാഴ്ച രാവിലെയാണ് വിദ്യാർഥിനിയെ ഹോസ്റ്റലിലെ ശൗചാലയത്തിന്റെ വെന്റിലേറ്ററിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. മുറിയിൽ ഒരുമിച്ച് താമസിക്കുന്ന മറ്റു വിദ്യാർഥികൾ വിവരം ഹോസ്റ്റൽ അധികൃതരെ അറിയിക്കുകയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച വിദ്യാർഥിനി ബുധനാഴ്ച രാവിലെ മരിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകാരണം ഫീസ് അടയ്ക്കാൻ പറ്റാത്തതിലുള്ള മനോവിഷമമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പോലീസും കോളേജ് അധികൃതരും പറയുന്നത്.
ഫീസ് അടയ്ക്കാൻ വൈകിയതിന്റെ പേരിൽ കോളേജ് അധികൃതരും കോളേജിലേക്ക് വിദ്യാർഥികൾക്ക് പ്രവേശനം ഒരുക്കിനൽകുന്ന മലയാളിയായ അഡ്മിഷൻ ഏജന്റും നിനയെ മാനസികമായി പീഡിപ്പിച്ചതായി ആരോപണമുണ്ട്. നിനയുടെ പിതാവ് ടി.ജെ. സതീഷ് നേരത്തെ കുടുംബത്തെ ഉപേക്ഷിച്ച് പോയതാണ്. അമ്മ ഝാൻസി ചെറുപുഴയിലെ കടയിൽ ജോലി ചെയ്താണ് കുടുംബം പുലർത്തുന്നതും മകളെ പഠിപ്പിക്കുന്നതും.
സഹോദരങ്ങൾ: അലീന, ആൽഫ്രഡ്. മൃതദേഹം ബുധനാഴ്ച പയ്യന്നൂർ സഹകരണ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30-ന് ആയന്നൂർ സെയ്ന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Previous Post Next Post