ഇടതുപക്ഷം വിട്ടുനിന്നു; ഈരാറ്റുപേട്ടയില്‍ സുഹ്‌റ അബ്ദുള്‍ ഖാദര്‍ വീണ്ടും ചെയര്‍പേഴ്‌സൺ





ഈരാറ്റുപേട്ട :  നഗരസഭാ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ അധികാരം പിടിച്ചെടുത്ത് യുഡിഎഫ്. യുഡിഎഫ് സ്ഥാനാര്‍ഥി ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു.

സെപ്റ്റംബര്‍ 13ന് നഗരസഭയില്‍ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടര്‍ന്നാണ് സുഹ്‌റയ്ക്ക് സ്ഥാനം ഒഴിയേണ്ടി വന്നത്. എസ്ഡിപിഐ പിന്തുണച്ചതു കൊണ്ടാണ് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം  അന്ന് പാസായത്. ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിട്ടുനിന്നു.

അപ്രതീക്ഷിതമായി ഉണ്ടായ അവിശ്വാസവും തെരഞ്ഞെടുപ്പും യുഡിഎഫ് അനുഗ്രഹമായി കാണുന്നുവെന്ന് വൈസ് ചെയര്‍മാന്‍ അഡ്വ. മുഹമ്മദ് ഇല്വാസ് പറഞ്ഞു. 
കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, മുസ്ലീം ലീഗ് കോട്ടയം ജില്ലാ പ്രസിഡന്റ് അസീസ് ബഡായില്‍ തുടങ്ങിയവര്‍ ചെയര്‍പേഴ്‌സണെ അഭിനന്ദിച്ചു.

എസ്ഡിപിഐയുടെ പിന്തുണയോടെ അധികാരം പിടിക്കാനില്ലെന്നു ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫ് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ നിന്നു പിന്‍ വാങ്ങിയത്. യുഡിഎഫിനെ ഭയന്നാണ് പിന്‍മാറ്റമെന്ന് ആരോപിച്ച് എസ്ഡിപിഐ ഇടതുപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചു രംഗത്തെത്തി.

Previous Post Next Post