തോരാത്ത മഴയിലുണ്ടായ വിവിധ അപകടങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണം നാലായി





തിരുവനന്തപുരം :  സംസ്ഥാനത്ത് ഇന്നലെ മുതലുള്ള തോരാത്ത മഴയിലുണ്ടായ വിവിധ അപകടങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണം നാലായി.

ഇന്ന് പുലര്‍ച്ചെ മലപ്പുറത്ത് വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു. 

കൊല്ലത്ത് ഒരു വയോധികന്‍ തോട്ടില്‍ വീണ് മരിച്ചു. കൊല്ലം തെന്‍മല   നാഗമലയില്‍ തോട്ടില്‍ വീണ് വയോധികനാണ് മരിച്ചത്. നാഗമല സ്വദേശി ഗോവിന്ദരാജാണ് (65) മരിച്ചത്. വീട്ടിലേക്ക് പോകുമ്പോള്‍ റോഡ് മുറിച്ചു കടക്കവേ തോട്ടില്‍ വീണാണ് അപകടമുണ്ടായത്. തോട് കരകവിഞ്ഞൊഴുകിയതോടെ തോടും റോഡും തിരിച്ചറിയാന്‍ കഴിയാതായതാണ് അപകടത്തിന് കാരണമായത്.

മലപ്പുറം കരിപ്പൂര്‍ മാതംകുളത്ത് മുഹമ്മദ്കുട്ടി എന്നയാളുടെ വീട് തകര്‍ന്നാണ്‌ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചത്.മുഹമ്മദ് കുട്ടിയുടെ മകള്‍ സുമയ്യയുടെയും അബുവിന്റെയുംമക്കളായ റിസ്വാന (8), റിന്‍സാന (7 മാസം) എന്നീ കുഞ്ഞുങ്ങളാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചേ മുക്കാലോടെയാണ് മണിക്കാണ് സംഭവം. സമീപത്ത് പണിനടന്നുകൊണ്ടിരുന്ന ഒരു വീടിന്റെ മതില്‍ അടുത്തുള്ള വീടിനു മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കുഞ്ഞുങ്ങള്‍ മരിച്ചത്. ഇവരുടെ മാതാപിതാക്കള്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. നാട്ടുകാരും ഫയര്‍ഫോഴ്സും എത്തി കുഞ്ഞുങ്ങളുടെ ശരീരം പുറത്തെടുത്ത് മോര്‍ച്ചറിയിലേക്ക് മാറ്റി.

ഇന്നലെ രാത്രി അടൂരില്‍ ഓടികൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം വീണ് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചിരുന്നു. ജന്മഭൂമി അടൂര്‍ ലേഖകന്‍ പി ടി രാധാകൃഷ്ണ കുറുപ്പാണ് മരിച്ചത്. ജോലി കഴിഞ്ഞ് അടൂരില്‍ നിന്നും വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം. ഇന്നലെ രാത്രി എട്ടുമണിയോടെ അടൂര്‍ ചെന്നമ്പള്ളി ജംഗ്ഷന്‍ പടിഞ്ഞാറ് വശത്ത് തടിമില്ലിന് സമീപമാണ് അപകടം സംഭവിച്ചത്.

Previous Post Next Post