പാര്‍ക്ക് ബ്രേക്ക് ഇടാന്‍ മറന്നു ; പുത്തന്‍ എസ് യു വി പിന്നിലേക്ക് ഉരുണ്ടു റോഡിലെത്തി...



 
കൊല്ലം : വാഹനം അലക്ഷ്യമായി പാര്‍ക്ക് ചെയ്തിട്ടുപോകുന്നത് പലപ്പോഴും നാം കണ്ടിട്ടുണ്ട്. ഇത്തരത്തില്‍ അശ്രദ്ധയോടെ നിര്‍ത്തിയിട്ട ഒരു വാഹനം ചെന്നുനിന്നതാകട്ടെ പാര്‍ക്കിങ് സ്ഥലവും കടന്ന് നടുറോഡിലും. 

കൊല്ലം നിലമേലിലെ കിയ ഷോറൂമില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിട്ടുണ്ട്. 

ഷോറൂമിന് മുന്നില്‍ നിര്‍ത്തിയിട്ട കിയ സെല്‍റ്റോസ് എന്ന എസ് യു വി യാണ് പിന്നിലേക്ക് ഉരുണ്ടുപോയത്. വാഹനം പിന്നിലേക്ക് നീങ്ങുന്നത് കണ്ട ഒരു ജീവനക്കാരന്‍ ഉടന്‍ തന്നെ തടയാന്‍ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ഇയാള്‍ക്ക് കാര്‍ തടഞ്ഞു നിര്‍ത്താനായില്ല.

ഇതുകണ്ട മറ്റൊരാള്‍ ഓടിയെത്തുമ്പോഴേക്കും, പാര്‍ക്കിങ്ഏരിയയും കടന്ന് താഴെ റോഡിലേക്ക് കാര്‍ വീണിരുന്നു. അവിടെ നിന്നും ഉരുണ്ട് നടുറോഡിലെത്തിയാണ് കാര്‍ നിന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണ്. 

വാഹനത്തിന്റെ പാര്‍ക്ക് ബ്രേക്ക് ഇടാത്തതാണ് പിന്നിലേക്ക് പോകാന്‍ കാരണമായത്. എന്നാല്‍ ഈ സമയം റോഡില്‍ വാഹനങ്ങള്‍ ഉണ്ടാകാതിരുന്നതിനാൽ വന്‍ അപകടം ഒഴിവായി. പിന്നീട് ഷോറൂം ജീവനക്കാര്‍ കാര്‍ ഓടിച്ച് കയറ്റി.


أحدث أقدم