അച്ഛന്റെ പേരിന് കോളമില്ല, ജനന സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയില്‍ അമ്മയുടെ പേര് മാത്രവും; പുതുക്കിയ ഫോം






തിരുവനന്തപുരം : ജനന സർട്ടിഫിക്കറ്റിനായി അപേക്ഷിക്കുമ്പോൾ അമ്മയുടെ പേര് മാത്രം ചേർക്കാൻ കോളമുള്ള പുതുക്കിയ ഫോം തയ്യാറാക്കി തദ്ദേശ വകുപ്പ്. അച്ഛന്റെ പേരു ചേർക്കാനുള്ള കോളമില്ലാത്തതും അമ്മയുടെ പേരു മാത്രമുള്ളതുമായ ഫോം കൊണ്ടുവരണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് മാറ്റം. 

ഓഗസ്റ്റിലെ ഹൈക്കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇറക്കിയ പ്രത്യേക ഉത്തരവിന് അനുബന്ധമായാണ് ഫോമും തയാറാക്കിയത്.
വിവാഹമോചനത്തിന് ശേഷം അജ്ഞാതനായ ദാതാവിന്റെ ബീജം സ്വീകരിച്ച് കൃത്രിമ സങ്കലനത്തിലൂടെ (ഐവിഎഫ്) ഗർഭിണിയായ യുവതി നൽകിയ ഹർജി പരി​ഗണിച്ചായിരുന്നു കോടതി ഉത്തരവ്. 

ദാതാവ് അജ്ഞാതനായതിനാൽ ആ പേര് കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുന്നതു സ്വകാര്യതയുടെ ലംഘനമാകുമെന്നു ചൂണ്ടിക്കാണിച്ചായിരന്നു ഹർജി. അച്ഛന്റെ പേര് രേഖപ്പെടുത്തേണ്ട കോളം ഒഴിച്ചിട്ടുള്ള അപേക്ഷയും സർട്ടിഫിക്കറ്റും അമ്മയുടെയും കുഞ്ഞിന്റെയും അന്തസ്സിനെ ബാധിക്കുമെന്നു കോടതിയും വിലയിരുത്തി.

Previous Post Next Post