കൊല്ലം: കേരളം നടുങ്ങിയ ഉത്രവധക്കേസില്‍ വിധി ഇന്ന്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസില്‍ വിധിപറയുക കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ്.
25കാരിയായ അഞ്ചല്‍ ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്രയെ 2020 മേയ് ഏഴിനാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അറസ്റ്റിലായ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജ് ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെയാണ് കേസ് വിസ്താരം പൂര്‍ത്തിയാക്കിയത്.
ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനുംവേണ്ടി പ്രതി പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. അത് സര്‍പ്പകോപമാണെന്നു വരുത്തിത്തീര്‍ക്കാനും ശ്രമിച്ചു. കേസ് അത്യപൂര്‍വമാകുന്നത് കൊലപാതകം നടപ്പിലാക്കാനുള്ള പ്രതിയുടെ സമാനതകളില്ലാത്ത കുബുദ്ധിയും ഉപയോഗിച്ച പാമ്പ് എന്ന ആയുധവുമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.
87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രതിഭാഗം മൂന്ന് സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകളും തൊണ്ടിമുതലായി മൂന്ന് സിഡികളും ഹാജരാക്കി.
വാദത്തിനിടയില്‍ ഡിജിറ്റല്‍ തെളിവുകള്‍ നേരിട്ട് പരിശോധിക്കേണ്ടതിനാല്‍ തുറന്ന കോടതിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വാദം കേട്ടത്. സൂരജിന് പാമ്പുകളെ നല്‍കിയതായി മൊഴിനല്‍കിയ ചാവര്‍കാവ് സുരേഷിനെ കേസില്‍ മാപ്പുസാക്ഷിയാക്കി.