എളമരം കരീം, ബിനോയ് വിശ്വം ഉൾപ്പെടെ 12 രാജ്യസഭാ എംപിമാരെ സസ്പെൻഡ് ചെയ്തു




ന്യൂഡല്‍ഹി : 12 പ്രതിപക്ഷ എംപിമാരെ ശീതകാല സമ്മേളനത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. കൃഷി നിയമങ്ങള്‍, പെഗസസ് എന്നീ വിഷയങ്ങളില്‍ രാജ്യസഭയില്‍ പ്രതിഷേധിച്ചതിനാലാണ് സസ്‌പെന്‍ഡ് ചെയ്തത്.എളമരം കരീം, ബിനോയ് വിശ്വം എന്നിവരുള്‍പെടെ 12 എംപിമാരെയാണ് രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

തൃണമൂല്‍ എംപിമാരായ ശാന്താ ഛേത്രി, ഡോല സെന്‍, കോണ്‍ഗ്രസ് എംപിമാരായ സായിദ് നാസര്‍ ഹുസൈന്‍, അഖിലേഷ് പ്രസാദ് സിംഗ്, ഫൂലോ ദേവി നേതാം, ഛായ വര്‍മ്മ, റിപുന്‍ ബോറ, രാജാമണി പട്ടേല്‍, ശിവസേന എംപിമാരായ പ്രിയങ്ക ചതുര്‍വേദി, അനില്‍ ദേശായി എന്നിവരാണ് സസ്‌പെന്‍ഷന്‍ ലഭിച്ച മറ്റുള്ളവര്‍.

സഭയുടെ അന്തസ് ഇല്ലാതാക്കുന്ന രീതിയില്‍ പെരുമാറി എന്നാണ് ഉത്തരവില്‍ പറയുന്നത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം കഴിയുന്നത് വരെയാണ് നടപടി.

എളമരം കരീമിനെതിരെ രണ്ട് രാജ്യസഭ മാര്‍ഷല്‍മാരാണ് അധ്യക്ഷന് പരാതി നല്‍കിയത്. ബിനോയ് വിശ്വത്തിനെതിരെ പരാമര്‍ശമുണ്ട്. എളമരം കരീം മാര്‍ഷല്‍മാരുടെ കഴുത്തിന് പിടിച്ചുവെന്നാണ് പരാതി.




Previous Post Next Post