സംസ്ഥാനത്ത് വന്യമൃഗ ആക്രമണങ്ങളിൽ ഈ വര്‍ഷം മാത്രം 64 പേര്‍ കൊല്ലപ്പെട്ടെന്ന് വനംവകുപ്പ്. വന്യമൃഗങ്ങളെ തുരുത്താന്‍ കര്‍ഷകര്‍ക്ക് റബര്‍ ബുള്ളറ്റുകള്‍ നല്‍കുന്നതും വനംവകുപ്പിന്റെ പരിഗണനയില്‍. ഗ്രാമങ്ങള്‍ കാടിറങ്ങിയെത്തുന്ന മൃഗങ്ങളെടുക്കുന്ന ജീവനുകളുടെ കണക്കും ഭീതി ഇരട്ടിയാക്കുന്നു. ജനുവരി മുതൽ ഇതു വരെ 64 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 25 പേരും കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തിലാണ്. 22 പേർ പാമ്പുകടിയേറ്റു മരിച്ചു. കാട്ടു പന്നി ആക്രമണത്തിൽ 4 പേരും, കാട്ടുപോത്ത് ആക്രമണത്തിൽ 2 പേർക്കും ജീവൻ നഷ്ടമായി. തൃശൂർ, വയനാട്, പാലക്കാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ശല്യം ഏറ്റവും കൂടുതല്‍. വന്യജീവി ആക്രമണങ്ങളുടെ നഷ്ടപരിഹാരത്തിനുള്ള അപേക്ഷകളുടെ എണ്ണവും കൂടി. ഈ വർഷം 10095 അപേക്ഷകളാണ് ലഭിച്ചത്. കിടങ്ങുകൾ കുഴിച്ചും, വേലി നിർമിച്ചും പ്രതിരോധിക്കാനുള്ള നടപടികൾ ഫലവത്തല്ലെന്നാണ് ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ വനംവകുപ്പിന്റെ വിലയിരുത്തല്‍. അതിനാലാണ് കാട്ടാനകളെ തുരത്താൻ കർഷകർക്ക് റബർ ബുള്ളറ്റുകൾ നൽകുന്നത് പരിഗണിക്കുന്നത്.
നേരത്തെ വയനാട്ടിലെ ജനപ്രതിനിധികളുമായി മന്ത്രി എ.കെ.ശശീന്ദ്രൻ നടത്തിയ ചർച്ചയില്‍ കർഷകർ ഈ ആവശ്യം ഉന്നയിച്ചിരുന്നു. കുരങ്ങൻമാരെയും ഇതേ മാർഗത്തിലൂടെ ഓടിക്കാനാകുമെന്നും കർഷകർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് ഇതിന്റെ പ്രായോഗികത വനംവകുപ്പ് പരിശോധിക്കുന്നത്.