കൊച്ചി : കൊച്ചിയില്‍ നടന്‍ ജോജുവിനെതിരെ അക്രമം നടത്തിയത് മുന്‍ മേയര്‍ ടോണി ചമ്മിണിയുടെ നേതൃത്വത്തിലെന്ന് പൊലീസ് എഫ്‌ഐഐആര്‍. ടോണി ചമ്മിണി അടക്കം ഏഴ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസ് എടുത്തു. പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ ഗുരുതരമായ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
ടോണി ചമ്മിണിയുടെ നേതൃത്വത്തിലുളള ഏഴംഗസംഘം കാര്‍ തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നു. സംഘത്തില്‍ ഒരാള്‍ വാഹനത്തിന്റെ
ഡോര്‍ വലിച്ച് തുറന്ന് ജോജുവിന്റെ ഷര്‍ട്ടിന് കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞു. ഇതിനിടെ മറ്റൊരാള്‍ വാഹനത്തിന്റെ ചില്ല് കല്ലുകൊണ്ട് തല്ലിത്തകര്‍ത്തു. ജോജുവിന്റെ വാഹനത്തിന് ആറ് ലക്ഷം രുപയുടെ നഷ്ടമുണ്ടായതായും പൊലീസ് പറഞ്ഞു.
ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് ഏഴ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മരട് പൊലീസ് കേസ് എടുത്തത്. ഇന്ധനവിലവര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ദേശീയ പാത ഉപരോധത്തിത്തിനിടെയാണ് ജോജുവിനെതിരെ അക്രമം ഉണ്ടായത്. ദേശീയപാതയില്‍ ഇടപ്പള്ളി മുതല്‍ വൈറ്റില വരെ വാഹന ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ച സാഹചര്യത്തിലാണ് ജോജു പ്രതിഷേധവുമായി രംഗത്തുവന്നത്. ജോജു കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു.കോവിഡ് കാലത്ത് ജീവിക്കാന്‍ വേണ്ടി നെട്ടോട്ടം ഓടുന്നവരെയാണ് ബുദ്ധിമുട്ടിക്കുന്നതെന്ന് ജോജു പ്രതികരിച്ചു.
ദിനംപ്രതിയെന്നോണം ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് ദേശീയ പാത ഉപരോധിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. ഇതിനെ തുടര്‍ന്നാണ് ദേശീയ പാതയില്‍ ഇടപ്പള്ളി മുതല്‍ വൈറ്റില വരെയുള്ള ഭാഗത്ത് വാഹനഗതാഗതം സ്തംഭിച്ചത്. ഗതാഗതകുരുക്ക് രൂക്ഷമായതോടെ വാഹനങ്ങളുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്. ഇതില്‍ കുടുങ്ങിയതോടെയാണ് ജോജു പ്രതിഷേധവുമായി രംഗത്തുവന്നത്. ജോജുവിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ നടുറോഡില്‍ രൂക്ഷമായ വാക്കുതര്‍ക്കമാണ് ഉണ്ടായത്.