ദുബായ് നഗരത്തിന്റെ മുഖമുദ്രയായ ബുര്‍ജ് ഖലീഫയില്‍ കുറുപ്പ് സിനിമയുടെ ട്രെയ്‌ലര്‍ പ്രദര്‍ശിപ്പിക്കും. നായകനും നിര്‍മ്മാതാവുമായ ദുല്‍ഖര്‍ സല്‍മാനാണ് ഇക്കാര്യം അറിയിച്ചത്. ബുര്‍ജ് ഖലീഫയില്‍ ട്രെയ്‌ലര്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രം റെക്കോര്‍ഡ് കൂടി സ്വന്തമാക്കുകയാണ് കുറുപ്പ്. നവംബര്‍ 10 ന് രാത്രി 8 നും 8:30 നും ഇടയില്‍ ബുര്‍ജ് ഖലീഫയില്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പ്രദര്‍ശിപ്പിക്കും. ഈ മാസം 12 ന് ചിത്രം തിയറ്ററുകളില്‍ എത്താനിരിക്കെയാണ് 10ാം തിയതി ബുര്‍ജ് ഖലീഫയില്‍ ട്രെയ്‌ലര്‍ പ്രദര്‍ശിപ്പിക്കുന്നത്
ഇത്തരം ഒരു മഹത്തായ കാഴ്ച സാധ്യമാക്കിയതിന് ഫാര്‍സ് ഫിലിംകോ എല്‍എല്‍സിയുടെ അഹമ്മദ് ഗോല്‍ചിനും വേഫെറര്‍ ഫിലിംസ് & എംസ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ഓവര്‍സീസ് ടീമിന്റെ തലവനായ ഷംനാദ് സിയാദിനും നന്ദി എന്ന് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന കുറുപ്പ് ശ്രീനാഥ് രാജേന്ദ്രനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം കൂടിയാണിത്. 35 കോടിയാണ് ചിത്രത്തിന്റെ നിര്‍മാണ ചെലവ്.