ഡ്രൈവിങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനെതിരെ നടപടികൾ ശക്തമാക്കി ഖത്തര്‍. ഇത്തരം നിയമലംഘനങ്ങള്‍ കൃത്യമായി കണ്ടെത്താനുള്ള സി.സി.ടി.വി കാമറാ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമായതായി ട്രാഫിക് വിഭാഗം അറിയിച്ചു.
ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ പിടികൂടുന്നതിനായാണ് ഖത്തറിലെ റോഡുകളില്‍ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോട് കൂടിയ സിസിടിവി കാമറകള‍് സജ്ജീകരിച്ചത്. റോഡരികുകളിലും, ട്രാഫിക് സിഗ്‌നലുകളിലും സ്ഥാപിച്ച സി.സി.ടി.വി ക്യാമറകളിലൂടെ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ തിരിച്ചറിയുകയും, നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ ട്രാഫിക് ബോധവല്‍ക്കരണ വിഭാഗം ഡയറക്ടര്‍ കേണല്‍ ഡോ. മുഹമ്മദ് റാദി അല്‍ ഹജ്റി അറിയിച്ചു.