തിരുവല്ല: എം.സി റോഡിലെ തിരുവല്ല മഴുവങ്ങാടിന് സമീപം ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുടുംബത്തിലെ ആറുപേരടക്കം ഏഴ് പേർക്ക് പരിക്കേറ്റു. ആറു വയസുകാരന്‍റെ കണ്ണിൽ ഓട്ടോറിക്ഷയുടെ ചില്ല് തുളഞ്ഞു കയറി.
ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ തിരുവല്ല എസ്.എൻ.ഡി.പി യൂനിയൻ ഓഫീസിന് സമീപമായിരുന്നു അപകടം. ഓട്ടോറിക്ഷ ഓടിച്ചിരുന്ന തിരുമൂലപുരം മാടപ്പുറത്ത് വീട്ടിൽ രാജു ( 68 ), ഭാര്യ ഗോമതി (63), ചെറുമക്കളായ അനീറ്റ (10), ആരതി (11), അതുൽ (8), അലൻ (6), ബൈക്ക് യാത്രികനായിരുന്ന കുരമ്പാല തെങ്ങും പുറത്ത് വീട്ടിൽ അനൂപ് (26) എന്നിവർക്കാണ് പരിക്കേറ്റത്.
അലന്‍റെ കണ്ണിനാണ് ചില്ല് കയറി ഗുരുതര പരിക്കേറ്റത്. രാജുവിന്‍റെയും അതുലിന്‍റെയും ഇരു കാലുകൾക്കും ഒടിവുണ്ട്. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. ഏഴു പേരെയും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.