ഇന്ധന വില: കോണ്‍ഗ്രസും ബിജെപിയും തെറ്റിദ്ധാരണ പടര്‍ത്തുന്നു, വിലക്കയറ്റത്തിന് കാരണം അനിയന്ത്രിത കേന്ദ്ര നികുതിയെന്ന് ധനമന്ത്രി


ഇന്ധന നികുതിയുടെ കാര്യത്തില്‍ സംസ്ഥാനത്ത് ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നതായി സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇന്ധന നികുതി സംബന്ധിച്ച വിഷയത്തില്‍ പ്രതിപക്ഷം സംസ്ഥാന സര്‍ക്കാറിന് എതിരെ തെറ്റിദ്ധാരണ പടര്‍ത്തുകയാണ്. ബിജെപിയ്ക്ക് ഒപ്പം കോണ്‍ഗ്രസും ഇന്ധന നികുതി വിഷയത്തില്‍ സര്‍ക്കാരിനെതിരെ കള്ള പ്രചരണം നടത്തുകയാണ് എന്നും ധനമന്ത്രി ആരോപിച്ചു.കേന്ദ്രം ഇന്ധനങ്ങള്‍ക്ക് ചുമത്തിയിരുന്ന പ്രത്യേക നികുതി കുറച്ചപ്പോള്‍ സംസ്ഥാന നികുതിയും അതിന് ആനുപാതികമായി കുറഞ്ഞെന്ന് വാദം ആവര്‍ത്തിച്ച ധനമന്ത്രി ഇന്ധനവിലയ്ക്ക് ഒപ്പം അനിയന്ത്രിത നികുതി കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്നതാണ് വില വര്‍ധനവിന് കാരണമെന്നും ആരോപിച്ചു. കേന്ദ്രം സംസ്ഥാനങ്ങളെ പറ്റിക്കുകയാണ് നിലവില്‍ എണ്ണക്കമ്പനികള്‍ കൊള്ളലാഭം കൊയ്യുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
 കേരളത്തില്‍ കഴിഞ്ഞ ആറു വര്‍ഷത്തോളം ഇന്ധന നികുതി വര്‍ധിപ്പിച്ചില്ലെന്ന് വാദം ഉയര്‍ത്തിയായിരുന്നു ഇന്ധന നികുതി കുറയ്‌ക്കേണ്ടതില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ ധനമന്ത്രി പ്രതിരോധിച്ചത്. മുന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെയും കേന്ദ്ര സര്‍ക്കാറിന്റെയും വിഷയത്തിലെ ഇടപെടലിനെയും ധനമന്ത്രി പ്രതിരോധിച്ചു. ഇന്ധന വില നിര്‍ണയിക്കാനുള്ള അവകാശം വിപണിയ്ക്ക് വിട്ട് നല്‍കിയതാണ് വിലക്കയറ്റത്തിന് കാരണമായതെന്ന് ചൂണ്ടിക്കാട്ടിയ കെ എന്‍ ബാലഗോപാല്‍ കേന്ദ്രം അനിയന്ത്രിതമായി സ്‌പെഷ്യല്‍ എക്‌സൈസ് നികുതി ഈടാക്കുകയാണെന്നും ചൂണ്ടിക്കാട്ടി. ക്രൂഡോയില്‍ വില കുറഞ്ഞ സമയം ഉണ്ടായിരുന്നു. അക്കാലത്ത് അതിന്റെ ആനുകൂല്യം മുന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ജനങ്ങള്‍ക്ക് നല്‍കിയില്ല. ഉമ്മന്‍ ചാണ്ടി മൂന്ന് തവണ നികുതി കുറച്ചെന്നാണ് അവകാശ വാദം. എന്നാല്‍ 13 തവണ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നികൂതി കൂട്ടിയ ശേഷമാണ് നികുതി കുറച്ചത്. അന്തര്‍ ദേശീയ തലത്തില്‍ വില കുറഞ്ഞപ്പോള്‍ കേരളത്തില്‍ ഉള്‍പ്പെടെ അതിന്റെ ഗുണം ലഭിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Previous Post Next Post