കട്ടപ്പാരയുമായെത്തി കള്ളൻ പൂട്ടു പൊളിച്ചു; മോഷണം ശ്രമം പരാജയപ്പെട്ടു:

മലപ്പുറം കൊണ്ടോട്ടിയില്‍ കട്ടപ്പാരയുമായെത്തി പൂട്ടു പൊളിച്ച കളളന്‍ മോഷണം നടത്താനാകാതെ മടങ്ങിപ്പോയി. കീഴ്ശേരി പോത്തട്ടിപ്പാറ സ്വദേശി തെറ്റന്‍ റിയാസിന്‍റെ ഉടമസ്തതയിലുളള മൊബൈല്‍ കടയിലാണ് മോഷണശ്രമം പരാജയപ്പെട്ടത്. ഇതേ കളളന്‍ മുന്‍പ് നടത്തിയ 4 മോഷണശ്രമങ്ങളും പരാജയപ്പെട്ടുവെന്നാണ് നിഗമനം.   
ബുധനാഴ്ച്ച പുലര്‍ച്ചെ 2.10 മുതല്‍ 3. 40 വരെ മൊബൈല്‍ കടയുടെ മുന്‍പില്‍ പൂട്ടു പൊളിച്ച് അകത്തു കയറാന്‍ കളളന്‍ നടത്തുന്ന പരിശ്രമത്തിന്‍റെ ദൃശ്യങ്ങള്‍ വ്യക്തമാണ്. രണ്ടു ഭാഗത്തേയും പൂട്ടുകള്‍ പൊളിച്ചു. കട്ടപ്പാരകൊണ്ട് ഷട്ടര്‍ ഉയര്‍ത്താന്‍ പലവട്ടം നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. സെന്‍ട്രല്‍ ലോക്കിങ് സംവിധാനം പൊളിച്ച് അകത്തു കടക്കാന്‍ കഴിയാതെ കളളന്‍ പരാജയപ്പെട്ടു മടങ്ങി. കട്ടപ്പാരയും ചെറുപാരയും ഇരുമ്പു മുറിയ്ക്കുന്ന യന്ത്രവും മുതല്‍ സ്ക്രൂ ഡ്രൈവര്‍ വരേയുളള സ്വന്തം ആയുധങ്ങളെല്ലാം കടയുടെ പരിസരത്ത് ഉപേക്ഷിച്ചാണ് കളളന്‍ പോയത്. കഴിഞ്ഞ ആറു മാസത്തിനിടെ കീഴ്ശേരിയില്‍ 4 മൊബൈല്‍ കടകളില്‍ സമാനമായ മോഷണശ്രമം നടത്തിയെങ്കിലും കളളന് എവിടേയും അകത്തു കടക്കാന്‍ കഴിഞ്ഞിരുന്നില്ല. എല്ലാ മോഷണ ശ്രമങ്ങള്‍ക്കും പിന്നില്‍ ഒരേ കളളനാണന്നാണ് നിഗമനം.. കൊണ്ടോട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
أحدث أقدم