മുണ്ടക്കയം (കോട്ടയം) : പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തിയ കേസിലാണ് കസ്റ്റഡിയിൽ എടുത്തതെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
മുണ്ടക്കയം ടൗണിലെ ബേക്കറിയിൽ ജോലിക്കാരനായിരുന്ന പാലക്കാട് സ്വദേശി സുബൈർ താമസിച്ചിരുന്ന മുറിയിൽ നിന്നാണ് രണ്ടു യുവാക്കളെ ശനിയാഴ്ച രാത്രി ഏഴരയോടെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പാലക്കാട് നെൻമാറ സ്വദേശികളായ സലാം, ഇസ്ഹാക് എന്നിവരാണ് അറസ്റ്റിലായത്.
നാലുമാസം മുൻപ് മുണ്ടക്കയത്ത് എത്തിയ ബേക്കറി ജോലിക്കാരൻ ബിഎസ്എൻഎൽ എക്സ്ചേഞ്ചിന് സമീപമുള്ള കെട്ടിടത്തിലായിരുന്നു താമസിച്ചിരുന്നത്. പാലക്കാട് കൊലപാതകത്തിൽ പങ്കുള്ള രണ്ടുപേർ ഇയാൾക്കൊപ്പം താമസിക്കുകയായിരുന്നു എന്ന് പറയപ്പെടുന്നു.
പൊലീസ് എത്തി പരിശോധന നടത്തുമ്പോഴാണ് ബേക്കറി ഉടമയും കെട്ടിട ഉടമയും ഇക്കാര്യം അറിയുന്നത്. ഏതു കേസിൽ ആണെന്നും കൂടെയുണ്ടായിരുന്ന യുവാക്കൾ ആരായിരുന്നുവെന്നും പ്രാദേശികമായി പോലീസിന് അറിവില്ല. പാലക്കാട് നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയതെന്ന് പറയപ്പെടുന്നു