_ആലപ്പുഴ _സിസിടിവിയുടെ മോണിറ്ററിൽ നിന്നുണ്ടായ ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടിനെ തുടർന്നു വീടിന് തീ പിടിച്ചു. ആറ് ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം . ഇന്നലെ പുലർച്ചെ 3.30 ന് കാളാത്ത് പള്ളിയുടെ എതിർവശം കൊറ്റംകുളങ്ങര വെളുത്തേടത്ത് കയർ വ്യാപാരിയായ പി.എ.ജോസഫിന്റെ (72) വീടിന് ആണ് തീ പിടിച്ചത്. സിസിടിവിയുടെ മോണിറ്റർ സ്ഥാപിച്ച മുറിയിലാണ് വലിയശബ്ദത്തോടെ തീ പിടിച്ചത്. ഫാൻ, അലമാര, കസേരകൾ, കട്ടിലുകൾ, വസ്ത്രങ്ങൾ, വയറിങ് തുടങ്ങിയവ കത്തി നശിച്ചു._
_സമീപത്തെ മുറിയിൽ സൂക്ഷിച്ചിരുന്ന 55 റോൾ കയർ ഭൂവസ്ത്രം, കംപ്യൂട്ടറുകൾ തുടങ്ങിയവയും അഗ്നിക്കിരയായി. അയൽവാസിയായ അനിൽ നോർത്ത് പൊലീസിനെയും അഗ്നിരക്ഷാ സേനയെയും അറിയിച്ചു. അവർ എത്തിയാണ് തീ അണച്ചത്. കംപ്യൂട്ടർ റൂമിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ട് ആണ് തീ പിടിത്തത്തിന് കാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫിസർ പി.ബി.വേണുക്കുട്ടന്റെയും ഗ്രേഡ് അസി.സ്റ്റേഷൻ ഓഫിസർ എച്ച്.സതീശന്റെയും നേതൃത്വത്തിലാണ് തീ അണച്ചത്._