പുതുപ്പള്ളി കൊലപാതകം; കാണാതായ യുവതിയെയും മകനെയും കണ്ടെത്തി







പാമ്പാടി :   പുതുപ്പള്ളിയിൽ ഓട്ടോ ഡ്രൈവറായിരുന്ന സിജിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ കാണാതായ ഭാര്യയെ മണർകാട് പള്ളിയിൽ നിന്ന് കണ്ടെത്തി.

ഏഴ് വയസുള്ള ഏക മകനെയും ഒപ്പം കണ്ടെത്തി. ഇരുവരെയും കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തു വരികയാണ്.

ഇന്ന് പുലർച്ചെയാണ് കൊലപാതകം നടന്നത്.  അയൽവാസികളാണ് സിജിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് സിജിയുടെ ഭാര്യയും മകനും അപ്രത്യക്ഷമായത് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.

കൊലപാതകം നടന്നതിന് ശേഷം മകനുമായി റോഡിലൂടെ റോസന്നയും മകനും നടന്നു നീങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മണർകാട് പള്ളിയുടെ പരിസരത്ത് നിന്നും ഇരുവരെയും കണ്ടെത്തിയത്.

റോസന്ന ചോദ്യങ്ങളോട് കാര്യമായി  പ്രതികരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പിതാവിനെ അമ്മ തലക്കടിച്ചതായി ഏഴു വയസുകാരൻ മൊഴി നൽകി.


Previous Post Next Post