ട്രാന്‍സ്​ജെന്‍ഡര്‍മാരു​ടെ ലിംഗമാറ്റ തെറപ്പി ചികിത്സയ്ക്ക് മാര്‍ഗ നിര്‍ദേശമുണ്ടാക്കണമെന്ന്​ ഹൈക്കോടതി






കൊച്ചി :  ട്രാന്‍സ്​ജെന്‍ഡര്‍ വിഭാഗക്കാരിലെ ലിംഗമാറ്റ തെറപ്പി ചികിത്സയുമായി ബന്ധപ്പെട്ട്​ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന്​ ഹൈക്കോടതി. ലൈംഗികാഭിമുഖ്യം മാറ്റുന്നതിൻ്റെ പേരില്‍ ഇത്തരത്തില്‍ നിര്‍ബന്ധിത തെറപ്പി ചികിത്സക്ക്​ വിധേയമാക്കുന്നതിനെതിരെ കര്‍ശന നടപടി വേണമെന്നും ജസ്​റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു.

ലൈംഗിക ന്യൂനപക്ഷ കൂട്ടായ്മ സംഘടനയായ ‘ക്വീറല’യും മറ്റൊരു വ്യക്തിയും നല്‍കിയ ഹർജിയാണ്​ കോടതി പരിഗണിച്ചത്​. വിഷയം വീണ്ടും പരിഗണിക്കുന്ന 2022 മേയ് 18 ന് മുമ്പ്​ മാര്‍ഗനിര്‍ദേശങ്ങള്‍  സമര്‍പ്പിക്കണമെന്നും​ കോടതി ഉത്തരവിട്ടു.

നിര്‍ബന്ധിത ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരായ ട്രാന്‍സ്ജെന്‍ഡറുകള്‍ ഗുരുതര ശാരീരിക -മാനസിക പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും ലിംഗമാറ്റ ശസ്ത്രക്രിയക്ക് നിലവില്‍ മാനദണ്ഡങ്ങളില്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.

അതേസമയം, ഇതുസംബന്ധിച്ച്‌​ മാര്‍ഗനിര്‍ദേശങ്ങളൊന്നും നിലവിലില്ലെന്നും നിര്‍ബന്ധിത ലിംഗമാറ്റ ശസ്ത്രക്രിയ നടക്കുന്നതായി പരാതികള്‍ ലഭിച്ചിട്ടില്ലെന്നുമായിരുന്നു സര്‍ക്കാറിന്റെ വിശദീകരണം. ഇത്തരം നടപടികളുണ്ടാകുന്നുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും വ്യക്തമാക്കി. തുടര്‍ന്നാണ്​ ലിംഗമാറ്റ ശസ്ത്രക്രിയക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ അനിവാര്യമാണെന്ന്​ കോടതി അഭിപ്രായപ്പെട്ടത്​

Previous Post Next Post