ന്യൂഡല്‍ഹി: ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഈ മാസം മുതല്‍ വിദേശ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാനുള്ള ഉത്തരവ് ഇന്ത്യ പിന്‍വലിച്ചു. ഈ മാസം 15 മുതല്‍ വിദേശ രാജ്യങ്ങളിലേക്ക് വിമാന സര്‍വ്വീസുകള്‍ പൂര്‍ണമായും ആരംഭിക്കാനായിരുന്നു തീരുമാനം. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച പുനപരിശോധന നടത്താന്‍ വ്യോമയാന മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
കൊറോണയുടെ രണ്ട് തരംഗങ്ങളിലും വിദേശ രാജ്യങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് ഡല്‍ഹിയിലെത്തിയ നാല് യാത്രക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധ നടപടികള്‍ കൂടുതല്‍ കടുപ്പിക്കുന്നത്.
രാജ്യത്ത് എത്തിയവര്‍ക്ക് ആര്‍ക്കും തന്നെ ഒമിക്രോണ്‍ വകഭേദം അല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സർവ്വീസ് പുനരാരംഭിക്കാനുള്ള പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.