അഭയ കേസ് :പ്രതി ഫാ. കോട്ടൂരിന് ശിക്ഷ ഇളവ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട്, മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി






കോട്ടയം : സിസ്റ്റർ അഭയ കൊലക്കേസിൽ കോടതി ഇരട്ടജീവപര്യന്തം ശിക്ഷിച്ച് ഒരു വർഷം പോലും ജയിലിൽ കിടക്കുന്നതിന് മുൻപ്, പ്രതി ഫാ. തോമസ് കോട്ടൂരിന് ശിക്ഷ ഇളവ് ചെയ്യണം എന്നുള്ള "പ്രതിയുടെ വിടുതൽ അപേക്ഷ", സർക്കാർ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട്, അഭയ കേസ് ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കൽ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി.

ഇരട്ടജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ച്, 5 മാസം തികച്ച് ജയിലിൽ കിടക്കുന്നതിന് മുൻപ്, പ്രതി തോമസ് കോട്ടൂരിന് 139 ദിവസം സർക്കാർ പരോൾ അനുവദിച്ചതിന് ശേഷം, ഇപ്പോൾ പ്രതിയ്ക്ക് 70 വയസ്സ് കഴിഞ്ഞതിനാൽ ശിക്ഷ ഇളവ് ചെയ്യുന്നത്, നിയമവാഴ്‌ചയോടുള്ള വെല്ലുവിളിയാണ്. പണവും സ്വാധീനവും അധികാരവുമുള്ള കുറ്റവാളികളെ, കോടതി ശിക്ഷിച്ചാൽ പോലും, പ്രതിയ്ക്ക് സ്വരൈവിഹാരം നടത്താമെന്ന് വന്നാൽ, ജനങ്ങൾക്ക് നിയമവ്യവസ്ഥയോടും സർക്കാറിനോടുമുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇടയാകുമെന്ന്, മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.

1992 മാർച്ച്‌ 27ന് നടന്ന കൊലപാതകം, പ്രതികൾ അന്വോഷണ ഏജൻസികളെ എല്ലാം സ്വാധീനിച്ച് കേസ് അട്ടിമറിച്ച്, വിചാരണ നീട്ടിക്കൊണ്ടുപോയി 28 വർഷം കഴിഞ്ഞ്, അഭയ കേസിലെ പ്രതികളെ കോടതി ശിക്ഷിച്ചത് കഴിഞ്ഞ വർഷം ഡിസംബർ 23ന് ആയിരുന്നു. എന്നിട്ട് ഇപ്പോൾ, പ്രതിയ്ക്ക് 70 വയസ്സ് കഴിഞ്ഞതിനാൽ, സർക്കാർ ശിക്ഷ ഇളവ് ചെയ്യണമെന്നുള്ള പ്രതിയുടെ ആവശ്യം, ഇത് ഒരിക്കലും നീതീകരിക്കാനാവുന്നതല്ലെന്ന് മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു..

അതേസമയം, പ്രതി ഫാ. തോമസ് കോട്ടൂരിനെ ശിക്ഷ ഇളവ് ചെയ്ത് ജയിലിൽ നിന്നും മോചിപ്പിക്കുന്നത്, ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്നും, അതുകൊണ്ട് ശിക്ഷ ഇളവ് ചെയ്യരുതെന്നും പോലീസ് റിപ്പോർട്ട് നൽകി. ജയിൽ വകുപ്പിന്റെ ആവശ്യപ്രകാരമാണ് കോട്ടയം ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് നൽകിയതെന്നും ജോമോൻ പറഞ്ഞു..


أحدث أقدم