രോഗാവസ്‌ഥകള്‍ അംഗീകരിച്ച ഇന്‍ഷുറന്‍സ്‌ ക്ലെയിം നിരസിക്കാനാവില്ല: സുപ്രീംകോടതി






ന്യൂഡല്‍ഹി: വെളിപ്പെടുത്തിയിട്ടുള്ള രോഗാവസ്‌ഥകള്‍ അംഗീകരിച്ച്‌ പോളിസി പുറപ്പെടുവിച്ചശേഷം നിലവിലെ മെഡിക്കല്‍ സാഹചര്യം ചൂണ്ടിക്കാട്ടി ഉപയോക്‌താവിന്റെ ക്ലെയിം നിരസിക്കാന്‍ ഇന്‍ഷുറന്‍സ്‌ സേവനദാതാവിനു കഴിയില്ലെന്നു സുപ്രീം കോടതി.

ഇന്‍ഷുറന്‍സ്‌ സംബന്ധിയായ വസ്‌തുതകളെയും സാഹചര്യത്തെയും പറ്റി ഉപയോക്‌താവിനു ബോധ്യമുണ്ടായിരിക്കണമെന്നും പരമോന്നത നീതിപീഠം.
യു.എസ്‌. യാത്രയ്‌ക്കിടെയുണ്ടായ ചികിത്സാച്ചെലവു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ക്ലെയിമിനുള്ള അപേക്ഷ നിരസിച്ച ദേശീയ ഉപഭോക്‌തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ (എന്‍.സി.ഡി.ആര്‍.സി) വിധിക്കെതിരേ മന്‍മോഹന്‍ നന്ദയെന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു ജസ്‌റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്‌, ബി.വി. നാഗരത്‌ന എന്നിവരുടെ ഉത്തരവ്‌.

യു.എസ്‌. യാത്രയ്‌ക്കു മുന്നോടിയായി നന്ദ ഓവര്‍സീസ്‌ മെഡിക്ലെയിം എടുത്തിരുന്നു. സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഹൃദയാഘാതമുണ്ടായി. ആശുപത്രിയില്‍ ആന്‍ജിയോപ്ലാസ്‌റ്റിക്കു വിധേയനായി മൂന്നു സ്‌റ്റെന്റുകള്‍ ഇടേണ്ടിവന്നു. ഇതിനുശേഷം ചികിത്സാര്‍ഥം ചെലവായ തുകയ്‌ക്കു സമര്‍പ്പിച്ച ക്ലെയിം ഇന്‍ഷുറന്‍സ്‌ സേവനദാതാവായ യുണൈറ്റഡ്‌ ഇന്ത്യ ഇന്‍ഷുറന്‍സ്‌ കമ്പനി നിരസിച്ചു. 

പ്രമേഹം ഉള്‍പ്പെടെയുള്ള രോഗാവസ്‌ഥകള്‍ ഉപയോക്‌താവ്‌ വെളിപ്പെടുത്തിയിരുന്നില്ലെന്നുകാട്ടിയാണ്‌ അപേക്ഷ കമ്പനി നിരസിച്ചത്‌. ഈ വാദങ്ങള്‍ എന്‍.സി.ഡി.ആര്‍.സിയും അംഗീകരിച്ചു.
ഇതിനെതിരേയാണു സുപ്രീം കോടതി നിരീക്ഷണം. അപ്രതീക്ഷിതമായുണ്ടാകുന്ന രോഗങ്ങളേല്‍പ്പിക്കുന്ന ആഘാതം മറികടക്കാനാണ്‌ മെഡിക്ലെയിം പോളിസിയെടുക്കുന്നത്‌. ഒരാള്‍ രോഗത്തിനു കീഴ്‌പ്പെടുന്നത്‌ എവിടെവച്ചാകാമെന്നു പ്രവചിക്കാനാകില്ല.
അതു വിദേശത്തുമാകാം. പോളിസിയില്‍ കൃത്യമായി ഒഴിവാക്കിയിട്ടില്ലാത്ത അസുഖം ഇന്‍ഷുറന്‍സ്‌ എടുത്തിട്ടുള്ളയാള്‍ക്ക്‌ പൊടുന്നനെ ഉണ്ടാകുന്നപക്ഷം ചികിത്സാച്ചെലവ്‌ നല്‍കാന്‍ ഇന്‍ഷുറന്‍സ്‌ കമ്പനിക്ക് ബാധ്യതയുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി.


 
Previous Post Next Post