കോട്ടയത്ത് അയല്‍വാസിയുടെ വളര്‍ത്തുപൂച്ചയെ എയര്‍ഗണ്‍കൊണ്ട് വെടിവച്ചു; പോലീസ് കേസ് എടുത്തു


 

വൈക്കം▪️വൈക്കത്ത് വളര്‍ത്തുപൂച്ചയെ എയര്‍ഗണ്‍ കൊണ്ട് വെടിവച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. വൈക്കം തലയാഴം സ്വദേശി രാഹുല്‍ നിവാസില്‍ രമേശിനെതിരെയാണ് പരാതി. ഇന്നലെ വൈകിട്ടാണ് അയല്‍വാസിയായ പരണാത്തറ രാജന്റെ പൂച്ചയ്ക്ക് വെടിയേറ്റത്. പൂച്ചയെ കോട്ടയത്തെ ജില്ലാ ഗവ.വെറ്ററിനറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രക്തം വാര്‍ന്ന് അവശനിലയിലാണ് പൂച്ച. എന്നാല്‍ ജീവന് ഭീഷണിയില്ലെന്നാണ് സൂചന. എക്സറേ എടുത്തശേഷം ശസ്ത്രക്രിയ നടത്തി വെടിയുണ്ട പുറത്തെടുക്കാനാണ് തീരുമാനം. ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസില്‍ പരാതി നല്‍കാനാണ് ഉടമയുടെ തീരുമാനം.
അയല്‍വാസി രമേശ് സ്ഥിരമായി വളര്‍ത്തുമൃഗങ്ങളെ ഉപദ്രവിക്കാറുണ്ടെന്നും പൂച്ച തന്റെ പുരയിടത്തില്‍ കയറിയാല്‍ വെടിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും രാജന്‍ പറഞ്ഞു. പരിസരത്തുള്ള പക്ഷികളെ ഇയാള്‍ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവയ്ക്കുക പതിവാണ്. തന്റെ വീട്ടിലെ വളര്‍ത്തുപ്രാവുകളെ ഉപദ്രവിക്കുന്നതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് ഇയാളുടെ ന്യായീകരണം.
أحدث أقدم