കൊച്ചി : ആറ്റിങ്ങലില്‍ എട്ടു വയസുകാരിയെ പിങ്ക് പൊലീസ് പരസ്യ വിചാരണ നടത്തി അപമാനിച്ച സംഭവത്തില്‍ നഷ്ടപരിഹാരം വിധിച്ച് കോടതി.
ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടത്. സംഭവത്തില്‍ കുറ്റക്കാരിയായ ഉദ്യോഗസ്ഥക്കെതിരെ നടപടി സ്വീകരിക്കാനും ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു.
പിങ്ക് പൊലീസ് ഉദ്യോഗസ്ഥയെ ക്രമസമാധാന പാലന ചുമതലയില്‍ നിന്നും ഒഴിവാക്കണം, കൂടാതെ ജനങ്ങളുമായി ഇടപെടാന്‍ പ്രത്യേക പരിശീലനം കൊടുക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരാതിക്കാര്‍ക്ക് കോടതി ചെലവിലേക്ക് 25000 രൂപ നല്‍കാനും കോടതി ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കുട്ടിയ്ക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ നേരത്തേ അറിയിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാരിന്റെ നിലപാട് മാറ്റത്തെ വിമര്‍ശിച്ച സിംഗിള്‍ബെഞ്ച് ഹര്‍ജി വിശദമായി പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി പൊലീസിന്റെ പക്കലുള്ള സംഭവത്തിന്റെ വീഡിയോ ദൃശ്യം ഹാജരാക്കാന്‍ അവശ്യപ്പെട്ടിരുന്നു.
മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത അപമാനിച്ച സംഭവത്തില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി വേണമെന്നുമാവശ്യപ്പെട്ട് എട്ടു വയസുകാരി പിതാവ് മുഖേന നല്‍കിയ ഹര്‍ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് പരിഗണിച്ചത്.
ഓഗസ്റ്റ് 27ന് തുമ്പ വി.എസ്.എസ്.സിയിലേക്ക് വലിയ കാര്‍ഗോ കൊണ്ടുപോകുന്നതു കാണാന്‍ ആറ്റിങ്ങല്‍ തോന്നക്കല്‍ സ്വദേശിനിയായ പെണ്‍കുട്ടി പിതാവിനൊപ്പം മൂന്നുമുക്ക് ജംഗ്ഷനിലെത്തിയപ്പോഴാണ് മൊബൈല്‍ കാണാനില്ലെന്നു പറഞ്ഞ്.