സില്‍വര്‍ലൈൻ: ഡിപിആർ പുറത്തുവിടണമെന്ന് സിപിഎമ്മിലും ആവശ്യം: സമ്മര്‍ദം ശക്തം


സില്‍വര്‍ലൈനിന്‍റെ ഡി.പി.ആര്‍ പുറത്തുവിടാന്‍ കെ.റെയിലിനുമേല്‍ സമ്മര്‍ദം ശക്തമാകുന്നു. ഡിപിആര്‍ പുറത്തുവിട്ട് ജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞ് പോകണമെന്ന അഭിപ്രായം സിപിഎമ്മിലും ഉയര്‍ന്നിട്ടുണ്ട്. ഡിപിആറിന്‍റെ പകര്‍പ്പ് ഗതാഗതവകുപ്പിന് നല്‍കിയിട്ടുണ്ടെന്നും, സര്‍ക്കാര്‍ തീരുമാനിച്ചാല്‍ വിവരാവകാശ നിയമപ്രകാരം പൊതുജനത്തിന് നല്‍കണമെന്ന നിലപാടിലാണ് കെ.റെയില്‍.
കേരളം ഏറ്റവും ചര്‍ച്ച ചെയ്യുന്ന പദ്ധതിയായ കെ റെയിലിന്‍റെ വിശദമായ പദ്ധതി രേഖ അഥവാ ഡിപിആര്‍ പൊതുജനത്തിന് ലഭ്യമല്ല. പദ്ധതിയോട് വിയോജിപ്പൊന്നുമില്ലെങ്കിലും ഡിപിആര്‍ ഒളിപ്പിച്ചുവയ്ക്കേണ്ടതില്ലെന്ന നിലപാട് സിപിഎമ്മിലെ ചില നേതാക്കള്‍ക്കുമുണ്ട്. ഇക്കാര്യം പാര്‍ട്ടിയിലും ഉന്നയിച്ചു. മറച്ചുവയ്ക്കാനൊന്നുമില്ലാത്ത പദ്ധതിയുടെ ഡിപിആര്‍ പുറത്തുവിടുന്നതിലെന്താണ് പ്രശ്നമെന്ന ചോദ്യം കെ റെയില്‍ അധികൃതരോടും സിപിഎമ്മില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. ജനത്തിന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞും പറയാന്‍ പറ്റാത്തത് തിരുത്തിയും മുന്നോട്ടുപോകണമെന്നാണ് ചില നേതാക്കളുടെ നിലപാട്. ഇതേസമയം ഡിപിആര്‍ പുറത്തുവിടാത്തത് ദുരൂഹമാണെന്ന് കെ റെയില്‍ വിരുദ്ധസമരസമിതി ആരോപിച്ചു.
ഡിപിആര്‍ ബൗദ്ധിക സ്വത്താണെന്ന വാദം ഉന്നയിച്ചാണ് വിവരാവകാശ അപേക്ഷ കെ റെയില്‍ നേരത്തെ തള്ളിയത്. ഡിപിആറിന്‍റെ പകര്‍പ്പ് കെ റെയില്‍ ഗതാഗതവകുപ്പിന് കൈമാറിയിട്ടുണ്ട്. എന്നാല്‍ വിവരാവകാശനിയമപ്രകാരം രേഖ പുറത്തുകൊടുക്കേണ്ട എന്ന നിലപാടില്‍ തന്നെയാണ് ഇപ്പോഴും കെ റെയില്‍. ഇക്കാര്യത്തിലെ നിലപാട് മാറണമെങ്കില്‍ സര്‍ക്കാരില്‍ നിന്ന് നിര്‍ദേശം ലഭിക്കണം. അതിനായി ഇടതുമുന്നണിയില്‍ നിന്നുതന്നെ ഉയരുന്ന സമ്മര്‍ദം ഫലംകാണുമോയെന്നാണ് അറിയേണ്ടത്.
أحدث أقدم