ന്യൂയോര്‍ക്ക് : വീടിനുള്ളില്‍ മരിച്ച് കിടക്കുകയായിരുന്ന 49കാരന് ചുറ്റും 125 പാമ്പുകള്‍. യുഎസിലെ മേരിലാന്‍ഡില്‍ സ്ഥിതിചെയ്യുന്ന ചാള്‍സ് കൗണ്ടിയിലാണ് സംഭവം. സ്വന്തം അപാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയിലാണ് 49കാരനായ ഡേവിഡ് റിസ്റ്റണിനെ പോലീസ് കണ്ടെത്തിയത്
'
തുടര്‍ന്ന് വീടിനുള്ളില്‍ പോലീസ് പരിശോധന നടത്തിയപ്പോഴാണ് ഉഗ്ര വിഷമുള്ളതും ഇല്ലാത്തതുമായ പാമ്പുകളെ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി അയല്‍വാസിയായ വ്യക്തിയാണ് പോലീസിനെ വിവരമറിയിച്ചത്. ഒരു ദിവസം മുഴുവനും ഡേവിഡിനെ പുറത്തേക്ക് കാണാതിരുന്നതോടെ സംശയം തോന്നുകയായിരുന്നു.
തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരെത്തി വീട് തുറന്നപ്പോള്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി. മൂര്‍ഖന്‍, ബ്ലാക്ക് മാംബ തുടങ്ങി 14 അടി നീളമുള്ള മഞ്ഞ മലപാമ്പ് വരെ അവിടെയുണ്ടായിരുന്നു. എല്ലാം പെട്ടിക്കുള്ളിലാക്കിയ നിലയിലാണ് കിടന്നിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.
എന്നാല്‍ അവയിലേതെങ്കിലും കൂടിനുള്ളില്‍ നിന്ന് പുറത്തുപോയിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ച് വരികയാണ്. ഏതെങ്കിലും പാമ്പിന്റെ ദംശനമേറ്റാണോ ഡേവിഡ് മരിച്ചതെന്നും സംശയമുണ്ട്. ഡേവിഡിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.
കണ്ടെത്തിയ എല്ലാ പാമ്പുകളെയും പോലീസ് പെട്ടികളിലാക്കി കൊണ്ടുപോയി. ആഫ്രിക്കയിലെ ഏറ്റവും വിഷമുള്ളതായി കണക്കാക്കുന്ന പാമ്ബാണ് ബ്ലാക്ക് മാംബ. ഇത് കൈവശം വെയ്‌ക്കുന്നത് നിയമവിരുദ്ധമാണ്. നിരവധി മൂര്‍ഖനുകളും വിഷമുള്ള പാമ്പുകളുമെല്ലാം ഡേവിഡിന്റെ വീട്ടില്‍ ഉണ്ടായിരുന്നു. ഇക്കാര്യമറിഞ്ഞതോടെ അയല്‍വാസികളും ഭീതിയിലാണ്.