കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 50 പേരില്‍ കൂടുതലുള്ള പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി. രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനത്തിന് എന്താണ് പ്രത്യേകത എന്നും കോടതി ചോദിച്ചു. നിലവിലെ മാനദണ്ഡം യുക്തിസാഹം ആണോയെന്നും നിയന്ത്രണങ്ങള്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ലെന്നും കോടതി വ്യക്തമാക്കി. കൊവിഡ് നിയന്ത്രണ ഉത്തരവ് പിന്‍വലിച്ച കാസര്‍ഗോഡ് ജില്ലാ കളക്ടറുടെ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. അതേസമയം, കാസര്‍ഗോഡ് ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കിയതായി സിപിഐഎം അറിയിച്ചു. മൂന്ന് ദിവസത്തെ സമ്മേളനം രണ്ട് ദിവസമാക്കി പുനര്‍നിശ്ചയിച്ചു. സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലോക്ക് ഡൗണിന് സമാനമായ തോതില്‍ നടപ്പാക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് നടപടി. ഇന്നാണ് കാസര്‍ഗോഡ് ജില്ലാ സമ്മേളനം ആരംഭിച്ചത്. കൊവിഡ് രോഗബാധ രൂക്ഷമാവുമ്പോഴും ജില്ലാ സമ്മേളനങ്ങളുമായി മുന്നോട്ട് പോവുന്നത് സിപിഐഎം നിലപാടിന് എതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പടെ സിപിഐഎമ്മിന് എതിരെ രംഗത്ത് എത്തിയിരുന്നു. പിന്നാലെയാണ് നടപടി. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വ്യാഴാഴ്ച കാസര്‍കോട് പൊതുപരിപാടികള്‍ക്ക് ജില്ലാ കളക്ടര്‍ വിലക്കേര്‍പ്പെടുത്തുകയും പിന്നീട് ഉത്തരവ് പിന്‍വലിച്ചതും വിവാദമായിരുന്നു. സിപിഐഎം സമ്മേനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു നീക്കം എന്നായിരുന്നു വിമര്‍ശനം. സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ തോതില്‍ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഉത്തരവ് പിന്‍വലിച്ചത് ആരുടെയും സമ്മര്‍ദം മൂലമല്ലെന്ന് വ്യക്തമാക്കി ജില്ലാ കലക്ടര്‍ രംഗത്ത് എത്തുകയും ചെയ്തു. ഇത്തരത്തില്‍ വരുന്ന മാധ്യമ വാര്‍ത്തകള്‍ തെറ്റാണ്. നേരത്തെ നിലവിലുണ്ടായിരുന്ന മാര്‍ഗ നിര്‍ദ്ദേശപ്രകാരമായിരുന്നു നിയന്ത്രണം പ്രഖ്യാപിച്ചത്. എന്നാല്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശം വന്നതിനെതുടര്‍ന്ന് തീരുമാനം റദ്ദാക്കുകയായിരുന്നെന്നും കലക്ടര്‍ വ്യക്തമാക്കി. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ടെങ്കില്‍ മാത്രം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ മതി. അല്ലാത്ത പക്ഷം എന്തിനാണ് നിയന്ത്രണങ്ങള്‍ വെച്ച് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നത്. സ്ഥിരവേതനമുള്ള എന്നെപ്പോലുള്ളവരെയല്ല ലോക്ഡൗണ്‍ ബാധിക്കുന്നത്. കഴിഞ്ഞ ലോക്ഡൗണ്‍ സമയത്ത് റിക്ഷാ ഡ്രൈവര്‍മാര്‍ ആത്മഹത്യ ചെയ്ത സംഭവങ്ങളും കലക്ടര്‍ ചൂണ്ടിക്കാട്ടി.
പാര്‍ട്ടി സമ്മേളനത്തിന് എന്ത് പ്രത്യേകത'; 50 പേരില്‍ കൂടുതലുള്ള സമ്മേളനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി
ജോവാൻ മധുമല
0
Tags
Top Stories