കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നിന്ന് ആത്മഹത്യ ചെയ്യാനായി എൺപതുകാരൻ കോട്ടയത്തെത്തി.പിന്നാലെ നാഗമ്പടം റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിനിന് തലവച്ച് ആത്മഹത്യ ചെയ്യുമെന്ന് ബന്ധുക്കൾക്ക് ഫോൺ സന്ദേശം നല്കിയ വയോധികനെ രക്ഷിച്ചത് കോട്ടയം ഡിവൈഎസ്പി ജെ.സന്തോഷ്കുമാറിൻ്റെ ഞൊടിയിടയിലുള്ള രക്ഷാപ്രവർത്തനം.
ഇന്നലെ വൈകുന്നേരം ഏഴരയോട് കൂടിയാണ് കോട്ടയം നാഗമ്പടത്ത് സിനിമയെ വെല്ലുന്ന സംഭവം അരങ്ങേറിയത്. കാഞ്ഞിരപ്പള്ളിയിൽ നിന്നും ആത്മഹത്യ ചെയ്യുക എന്ന ഉദ്ദേശത്തോടെ കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തുകയും അതിനുള്ള ശ്രമം നടത്തുന്നതിന് മുൻപ് ആത്മഹത്യ ചെയ്യാൻ പോകുകയാണന്ന് ബന്ധുക്കളെ അറിയിക്കുകയുമായിരുന്നു വയോധികൻ.ഈ വിവരം ഉടൻതന്നെ ബന്ധുക്കൾ കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ അറിയിച്ചു.
അവിടുന്ന് കോട്ടയത്തേയ്ക്കും.വിവരമറിഞ്ഞ ഡിവൈഎസ്പി ജെ. സന്തോഷ്കുമാർ സെക്കൻ്റുകൾക്കുള്ളിൽ നാഗമ്പടം ട്രെയിൽവേ സ്റ്റേഷനിലെത്തുകയും പ്രദേശം അരിച്ചുപെറുക്കുകയുമായിരുന്നു. തുടർന്ന് ആത്മഹത്യ ചെയ്യുവാനായി തയ്യാറെടുക്കുന്ന വയോധികനെ കണ്ടെത്തി.ഉടൻ തന്നെ അദ്ദേഹത്തെ രക്ഷപെടുത്തി കാര്യങ്ങൾ ചോദിച്ച് മനസിലാക്കുകയും ചെയ്തു. പിന്നീട് കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിലറിയിക്കുകയും എൺപത് കാരനെ അവർക്കൊപ്പം വിടുകയുമായിരുന്നു.