രാജ്യതലസ്ഥാനത്ത് വ്യാപനം: നാലു സുപ്രീംകോടതി ജഡ്ജിമാര്‍ക്കും രോഗം സ്ഥിരീകരിച്ചു


ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പിടിവിട്ട് കോവിഡ് വ്യാപനം. നാലു സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് രോഗം സ്ഥിരീകരിച്ചു.പിന്നാലെ 150ലധികം ജീവനക്കാര്‍ ക്വാറന്റീനില്‍ പോയി. ഇതില്‍ പലരും രോഗം സ്ഥിരീകരിച്ചവരോ, ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരോ ആണ്.

സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 32 ജഡ്ജ്മാരാണുള്ളത്. വ്യാഴാഴ്ചയാണ് രണ്ടു ജഡ്ജിമാര്‍ക്ക് ആദ്യം വൈറസ് ബാധ കണ്ടെത്തിയത്. ചൊവ്വാഴ്ച നടന്ന ജസ്റ്റിസ് ആര്‍. സുഭാഷ് റെഡ്ഡിയുടെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്ത ജഡ്ജിക്ക് പനിയുണ്ടായിരുന്നു. ഇതിനുശേഷം നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു.

കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ കോടതി നടപടികള്‍ രണ്ടാഴ്ചത്തേക്ക് വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റിയിട്ടുണ്ട്. ജനുവരി ഏഴു മുതല്‍ ഔദ്യോഗിക വസതികളിലിരുന്നാണ് ബെഞ്ചുകള്‍ വാദം കേള്‍ക്കുന്നത്. തിങ്കളാഴ്ച മുതല്‍ പുതിയൊരു ഉത്തരവുണ്ടാകുന്നതുവരെ അടിയന്തര പ്രധാന്യമുള്ള ഹരജികള്‍ മാത്രം ലിസ്റ്റ് ചെയ്താല്‍ മതിയെന്നാണ് നിര്‍ദേശം. 2020 മാര്‍ച്ചില്‍ കോവിഡ് രണ്ടാംതരംഗം രൂക്ഷമായ പശ്ചാത്തലത്തില്‍ കോടതി വാദം കേട്ടിരുന്നത് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു.

ഒക്ടോബറിലാണ് നടപടികള്‍ കോടതി മുറികളിലേക്ക് മാറിയത്. അതേസമയം, കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല അവലോകന യോഗം വിളിച്ചു. ഞായറാഴ്ച വൈകീട്ട് 4.30നാണ് യോഗം.
Previous Post Next Post