കോട്ടയം: പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി ജോര്‍ജിനെ സന്ദര്‍ശിച്ച് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍. പി.സി. ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ തനിക്ക് പിന്തുണയര്‍പ്പിച്ച പിസി ജോര്‍ജിനു നന്ദി അര്‍പ്പിക്കാനാണ് ഫ്രാങ്കോ മുളയ്ക്കല്‍ പിസി ജോര്‍ജിനെ കാണാനെത്തിയത്. കേസില്‍ നിന്നും കുറ്റവിമുക്തനാക്കിയതിന് പിന്നാലെ തന്നെ പിന്തുണച്ച എല്ലാവരോടും ബിഷപ്പ് നന്ദി അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അദ്ദേഹം പി.സി. ജോര്‍ജിനെ കാണാന്‍ നേരിട്ടെത്തിയത്.
പി.സി. ജോര്‍ജും ഭാര്യയും മകന് ഷോണ്‍ ജോര്‍ജുമാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഇവിടെ നിന്നും മടങ്ങിയ ബിഷപ് അരുവിത്തുറ പള്ളിയില്‍ അഞ്ച് മിനിട്ട് ചിലവഴിച്ചു.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഇന്നലെ രാവിലെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചത്. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു എന്ന ഒറ്റവാക്കിലായിരുന്നു കോടതിയുടെ വിധിപ്രസ്താവം.