സമ്മേളനം നടത്താന്‍ വേണ്ടി മാത്രമാണ് തൃശൂര്‍, കാസര്‍കോട് ജില്ലകളെ കൊവിഡ് തീവ്രതയുള്ള ജില്ലകളുടെ പട്ടികയില്‍ നിന്ന് മാറ്റിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍'


കൊച്ചി : സമ്മേളനം നടത്താന്‍ വേണ്ടി മാത്രമാണ് തൃശൂര്‍, കാസര്‍കോട് ജില്ലകളെ കൊവിഡ് തീവ്രതയുള്ള ജില്ലകളുടെ പട്ടികയില്‍ നിന്ന് മാറ്റിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.സമ്മേളനങ്ങള്‍ക്കായി കാറ്റിഗറികളില്‍ മാറ്റം വരുത്തി. പാര്‍ട്ടിക്ക് വേണ്ടി കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയത് അപഹാസ്യമാണെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.സമ്മേളനം മാറ്റിവെച്ചാല്‍ ആകാശം ഇടിഞ്ഞ് വീഴുമോ?. എന്തുകൊണ്ട് സമ്മേളനം ഓണ്‍ലൈനാക്കുന്നില്ലെന്നും സതീശന്‍ ചോദിച്ചു.

കൊവിഡ് മൂന്നാം തരംഗത്തില്‍ ആരോഗ്യ വകുപ്പ് പൂര്‍ണ നിശ്ചലമാണ്. ആരോഗ്യവകുപ്പ് മന്ത്രിയെ മൂലക്കിരുത്തി കുറേ ആളുകള്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു. എന്താണ് നടക്കുന്നതെന്ന് അവര്‍ക്ക് അറിയില്ല. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം ലഭിക്കുന്നത് എ കെ ജി സെന്ററില്‍ നിന്നാണ്.
കാസര്‍ക്കോട്ടെ ഗുരുതരവാസ്ഥ മനസ്സിലാക്കി കലക്ടര്‍ എല്ലാ പൊതുപരിപാടികളും വിലക്കി ഉത്തരവിറക്കി. എന്നാല്‍ സമ്മേളനം നടത്താന്‍ മണിക്കൂറുകള്‍ക്കകം കലക്ടറെക്കൊണ്ട് സി പി എം ഉത്തരവ് തിരുത്തിച്ചു.

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല. ജനം സര്‍ക്കാര്‍ ആശുപത്രികളിലേക്ക് പോകാന്‍ പോലും തയ്യാറാകുന്നില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി. സി പി എമ്മാണ് ഇപ്പോള്‍ കേരളത്തിലെ മരണത്തിന്റെ വ്യാപാരികളെന്നും സതീശന്‍ ആരോപിച്ചു.
Previous Post Next Post