ഹരിവരാസന പുരസ്കാരം ഏറ്റുവാങ്ങി ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥ് വിടപറഞ്ഞു






കോട്ടയം: ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥ് അന്തരിച്ചു. 73 വയസ്സായിരുന്നു കൊവിഡ് ബാധിച്ച്‌ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി ആയിരത്തി അഞ്ഞുറോളം ഗാനങ്ങള്‍ രംഗനാഥ് ചിട്ടപ്പെടുത്തി.
ശ്വാസതടസ്സം അനുഭവപ്പെട്ട രംഗനാഥിനെ ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇക്കൊല്ലത്തെ ഹരിവരാസനം അവാര്‍ഡ് ലഭിച്ചിരുന്നു. അത് ഏറ്റുവാങ്ങി മടങ്ങിയെത്തിയ ശേഷമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരു പിടി ഭക്തിഗാനങ്ങള്‍. പുറമേ നാടക – ചലച്ചിത്ര മേഖലയിലെ സംഗീത ഗാന ശാഖയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകളുമാണ് ഗായകനായ ആലപ്പി രംഗനാഥിനെ ഹരിവരാസനം പുരസ്കാരത്തിന് അര്‍ഹനാക്കിയത്.

ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗവതരുടെയും ഗാനഭൂഷണം എം.ജി. ദേവമ്മാളുടെയും ആറുമക്കളില്‍ മൂത്തയാളാണ് രംഗനാഥ്. 14ാം വയസുവരെ ആലപ്പുഴ നഗരത്തിലെ വെള്ളക്കിണറിലായിരുന്നു താമസം. അങ്ങനെയാണ് പേരിനൊപ്പം ആലപ്പി കൂടി ചേര്‍ത്തത്. നാല്‍പത് വര്‍ഷമായി കോട്ടയം ഏറ്റുമാനൂരാണ് ആലപ്പി രംഗനാഥ് കുടുംബസമേതം താമസിക്കുന്നത്. കേരള സംഗീത നാടക അക്കാഡമിയുടെ രവീന്ദ്രനാഥ ടാഗോര്‍ പുരസ്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട് .

തന്റെ ആദ്യ സിനിമയായ ജീസസിലെ ‘ഓശാനാ ഓശാന കർത്താവിനോശാനാ’ എന്ന് തുടങ്ങുന്ന ഗാനവും യേശുദാസിന്റെ ഉടമസ്ഥതയിലുള്ള തരംഗിണി പുറത്തിറക്കിയ അയ്യപ്പഭക്തിഗാനങ്ങളിലെ ‘സ്വാമി സംഗീതം ആലപിക്കും താപസ ഗായകനല്ലോ ഞാൻ’ എന്ന ഗാനവുമാണ് ആലപ്പി രംഗനാഥിനെ പ്രശസ്തനാക്കിയവയിൽ പ്രധാനം.

എല്ലാ ദുഖവും തീർത്തുതരൂ എന്റയ്യാ, എൻ മനം പൊന്നമ്പലം …, കന്നിമല, പൊന്നുമല.., മകര സംക്രമ ദീപം കാണാൻ.., തുടങ്ങിയ അയ്യപ്പഭക്തിഗാനങ്ങളും ഹേ രാമാ രഘുരാമാ, മഹാബലി മഹാനുഭാവ, ഓർമയിൽപോലും പൊന്നോണമെപ്പോഴും, നിറയോ നിറ നിറയോ തുടങ്ങിയ ഓണപ്പാട്ടുകളും പറയൂ നിൻ ഗാനത്തിൽ നുകരാത്ത തേനിന്റെ, എന്റെ ഹൃദയം നിന്റെ മുന്നിൽ പൊൻതുടിയായ്, നാലുമണിപ്പൂവേ എന്നിങ്ങനെയുള്ള ലളിത ഗാനങ്ങളും ശ്രോതാക്കൾ കേൾക്കാൻ കൊതിക്കുന്നവയാണ്.

പപ്പൻ പ്രിയപ്പെട്ട പപ്പൻ, ആരാന്റെ മുല്ല കൊച്ചുമുല്ല, മാമലകൾക്കപ്പുറത്ത്, മടക്കയാത്ര, ക്യാപ്റ്റൻ,ഗുരുദേവൻ തുടങ്ങിയവയാണ് പ്രധാന സിനിമകൾ. പൂച്ചയ്ക്കൊരു മൂക്കുത്തി, വിസ, എനിക്കു മരണമില്ല തുടങ്ങിയ സിനിമകൾക്ക് പശ്ചാത്തലസംഗീതം ഒരുക്കി. അമ്പാടിതന്നിലൊരുണ്ണി, ധനുർവേദം എന്നീ സിനിമകൾ സംവിധാനം ചെയ്തു. ത്യാഗരാജ സ്വാമികളെപ്പറ്റി ദൂരദർശനിൽ 17 എപ്പിസോഡുള്ള പരമ്പരയും അറിയാതെ എന്നൊരു ടെലിഫിലിമും സംവിധാനം ചെയ്തിട്ടുണ്ട്. എംജി യൂണിവേഴ്സിറ്റി സയൻസ് ഓഫ് മെലഡി ആൻഡ് ഹാർമണി വിഭാഗത്തിൽ അതിഥി അധ്യാപകനായിരുന്നു”


Previous Post Next Post