രാവിലെ ട്യൂഷൻ ക്ലാസിനുപോയ പതിനഞ്ചുകാരിക്കുനേരെ ബസിനുള്ളില്‍ വെച്ച് ലൈംഗികാതികമം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍


 
 കുന്നമംഗലം: രാവിലെ ട്യൂഷൻ ക്ലാസിനുപോയ പതിനഞ്ചുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ബസ് ഡ്രൈവർ പോക്സോ നിയമപ്രകാരം അറസ്റ്റിൽ. മൂഴിക്കൽ റൂട്ടിൽ ഓടുന്ന സിറ്റി ബസിലെ ഡ്രൈവർ മൂഴിക്കൽ ചേന്നംകണ്ടിയിൽ ഷമീർ (39)നെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ 6.45-ന് ആനിഹാൾ റോഡിലാണ് സംഭവം. വിദ്യാർഥിനിക്ക് ഇറങ്ങേണ്ട എം.സി.സി. സ്റ്റോപ്പിൽ ബസ് നിർത്താതെ ആനിഹാൾ റോഡിലേക്ക് കയറ്റിനിർത്തിയായിരുന്നു ഡ്രൈവർ ലൈംഗികാതിക്രമം നടത്തിയത്. ബസിന്റെ ഷട്ടർ താഴ്ത്തിയിട്ടതിനാൽ സ്റ്റോപ്പെത്തിയത് പെൺകുട്ടിക്ക് മനസ്സിലായിരുന്നില്ല.
രാവിലെയായതിനാൽ ഡ്രൈവർമാത്രമേ ഡ്യൂട്ടിയിലുണ്ടായിരുന്നുള്ളൂ. മറ്റ് യാത്രക്കാരുമുണ്ടായിരുന്നില്ല. തുടർന്ന് സ്കൂളിലെത്തിയ കുട്ടി അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. വൈകീട്ട് മൂഴിക്കലിൽവെച്ച് ബസ് പിന്തുടർന്നാണ് കസബ ഇൻസ്പെക്ടർ എൻ. പ്രജീഷിന്റെ നേതൃത്വത്തിൽ പോലീസ് പ്രതിയെ പിടികൂടിയത്. പോക്സോ കോടതയിൽ ഹാജരാക്കി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 

Previous Post Next Post