ദിലീപിനും കൂട്ടർക്കും ഇന്ന് ഉച്ചവരെ സമയം, പഴയ ഫോണുകൾ ഹാജരാക്കണം; നാളെ നിർണായക ദിനം



ദിലീപ് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസിലേക്കെത്തുന്നു(ഫയൽ)
 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികളുടെ 33 മണിക്കൂർ ചോദ്യംചെയ്യൽ പൂർത്തിയായി. വധഭീഷണി കേസിനു പിന്നാലെ പ്രതികൾ ഫോൺ മാറ്റിയെന്ന് ക്രൈംബ്രാഞ്ച് ആരോപിക്കുന്നു. പഴയ ഫോണുകൾ ഹാജരാക്കാൻ ഇന്ന് ഉച്ചവരെ സമയം അനുവദിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മുൻപ് ക്രൈംബ്രാ‌ഞ്ചിന് മുന്നിൽ ഫോണുകൾ ഹാജരാക്കാനാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുള്ളത്. 

ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി എൻ സുരാജ്, അനൂപിന്റെ ഭാര്യയുടെ ബന്ധു അപ്പു എന്നിവരാണ് ഫോൺ മാറ്റിയത്. നാല് ഫോണുകളും ഇന്ന് ഹാജരാക്കണമെന്ന് പ്രതികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇന്ന് ഉച്ചയോടെ ഫോൺ ഹാജരാക്കിയില്ലെങ്കിൽ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ച് പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ആവശ്യം ഉന്നയിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 

പ്രതികളുടെ വീടുകളിൽ നടത്തിയ റെയ്ഡിനിടെ പിടിച്ചെടുത്ത ഫോൺ പുതിയവയാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
Previous Post Next Post