തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് ദിവസ വരുമാനമായി പ്രതീക്ഷിക്കുന്നത് ആറുകോടി രൂപയെന്ന് ഡിപിആര്‍. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി കമ്മീഷന്‍ ചെയ്യും എന്നും ഡിപിആറില്‍ വ്യക്തമാക്കുന്നു. രാവിലെ അഞ്ചു മുതല്‍ രാത്രി 11വരെയാണ് ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടാവുക. 20 മിനിറ്റ് ഇടവേളകളില്‍ 37 സര്‍വീസ് നടത്തും. സ്വകാര്യ വ്യക്തികളില്‍ നിന്ന് 1,198 ഹെക്ടര്‍ ഭൂമി പദ്ധതിക്കായി ഏറ്റെടുക്കും. ഏറ്റവും കൂടുതല്‍ ഭൂമി ഏറ്റെടുക്കേണ്ടവരുന്നത് കൊല്ലത്താണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡിപിആര്‍: വിശദാംശങ്ങള്‍
പരിസ്ഥിതി ആഘാത പഠനത്തിന്റെ അന്തിമ റിപ്പോര്‍ട്ടും ഡിപിആറിലുണ്ട്. തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലെപ്മെന്റ് ആണ് ഈ പരിസ്ഥിതി ആഘാത പഠനം നടത്തിയത്. പരിസ്ഥിതി ആഘാതം താരതമ്യേന കുറവാണ്. നിര്‍മ്മാണ ഘട്ടത്തില്‍ സ്വാഭാവിക നീരൊഴുക്കിനെ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്റ്റേഷനുകളുടെ രൂപരേഖയും നല്‍കിയിട്ടുണ്ട്. ട്രാഫിക് സര്‍വേ, ജിയോ ടെക്നിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട്, ടോപ്പോഗ്രാഫിക് സര്‍വേ എന്നിവയും ഡിപിആറിന്റെ ഭാഗമാണ്. പൊളിക്കേണ്ട കെട്ടിടങ്ങളുടെ വിശദമായ കണക്കും, ദേവാലയങ്ങളുടെ ചിത്രങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സാധ്യത പഠന റിപ്പോര്‍ട്ടിന് 620 പേജാണുള്ളത്. പദ്ധതി നടപ്പിലായാല്‍ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചാണ് ഈ രൂപരേഖയില്‍ പറയുന്നത്. 203 പേജുള്ളതാണ് ട്രാഫിക് സര്‍വേ. പദ്ധതി നടപ്പിലാക്കിയാലുള്ള ഇന്ധനലാഭം, സമയ ലാഭം എന്നിവയെല്ലാം ട്രാഫിക് സര്‍വേയില്‍ ഉള്‍പ്പെടുന്നു.
974 പേജുള്ള ജിയോ ടെക്നിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടാണ് ഡിപിആറിലെ പ്രധാനപ്പെട്ട ഭാഗം. 470 പേജുള്ള ട്രോപ്പോഫിക്കല്‍ സര്‍വേയാണ് തുടര്‍ന്നുള്ളത്. സാമൂഹിക ആഘാത പഠനമാണ് മറ്റൊരു പ്രധാന ഭാഗം.
സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന പ്രദേശത്തെ മുഴുവന്‍ സസ്യജാലങ്ങള്‍ക്കും എന്ത് സംഭവിക്കാം എന്നുള്ള കണക്കുകള്‍ ഇതിലുണ്ട്. 320 പേജാണ് ഈ പഠനം. പദ്ധതി നടപ്പാക്കിയാലുണ്ടാകുന്ന നേട്ടങ്ങളെ കുറിച്ചാണ് ഫീസിബിള്‍ സ്റ്റഡി റിപ്പോര്‍ട്ടില്‍ പറയുന്നത്. 620 പേജാണ് ഈ റിപ്പോര്‍ട്ട്.
ആദ്യഘട്ടത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വന്നാലും പിന്നീട് ഇത് വര്‍ദ്ധിക്കുമെന്നും സാധ്യത പഠനത്തില്‍ പറയുന്നു. വരുമാനത്തിന്റെ കാര്യത്തിലും ഇതേ രീതിയിലുള്ള വര്‍ധനവ് ഉണ്ടാകും. കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് പദ്ധതി ലാഭത്തിലേക്ക് നീങ്ങും. സ്മാര്‍ട്ട് സിറ്റിക്കും ഇന്‍ഫോ പാര്‍ക്കിനും സമീപത്തായിരിക്കും കൊച്ചിയിലെ സ്റ്റേഷന്‍. സ്റ്റേഷനെ നെടുമ്പാശേരി വിമാനത്താവളവുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.
ഒരു ട്രെയിനില്‍ 675 യാത്രക്കാര്‍
63,940 കോടി രൂപയാണ് പദ്ധതിച്ചെലവ്. 33,699 കോടി രൂപ വായ്പയെടുക്കും. ആകെ ചെലവിന്റെ പകുതിയിലേറെയും വായ്പയാണ്. സര്‍ക്കാരിനും റെയില്‍വേയ്ക്കും ഓഹരി പങ്കാളിത്തമുണ്ട്. ആറരലക്ഷം യാത്രക്കാരെ പ്രതീക്ഷിക്കുന്നു. ഒരു ട്രെയിനില്‍ ഒന്‍പതു കോച്ചുകളിലായി 675 പേര്‍ക്ക് യാത്ര ചെയ്യാം. യാത്രക്കാര്‍ക്ക് ബിസിനസ്, സ്റ്റാന്‍ഡേഡ് എന്നീ രണ്ടു ക്ലാസുകളുണ്ടാകും. രാവിലെ അഞ്ചുമുതല്‍ രാത്രി 11 മണിവരെയാണ് ട്രെയിന്‍ സര്‍വീസ്.
ആദ്യഘട്ടത്തില്‍ നെടുമ്പാശേരി എയര്‍പോര്‍ട്ടുമായി ബന്ധിപ്പിക്കും. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസ്റ്റുകള്‍ക്കായി പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തും. ട്രക്കുകള്‍ കൊണ്ടുപോവാന്‍ കൊങ്കണ്‍ മാതൃകയില്‍ റോറോ സര്‍വീസ് ഉണ്ടാകും. ഒരുതവണ 480 ട്രക്കുകള്‍ കൊണ്ടുപോകാം. 30 മീറ്റര്‍ പരിധിയില്‍ മറ്റു നിര്‍മാണങ്ങളുണ്ടാകില്ല.
ആദ്യഘട്ട നിര്‍മ്മാണം തൃശൂര്‍വരെ
ആദ്യഘട്ട നിര്‍മാണം കൊച്ചുവേളി മുതല്‍ തൃശൂര്‍ വരെയാണ്. രണ്ടാംഘട്ടം കാസര്‍കോട് വരെയും. ഇതിന് ആകെ വേണ്ടത് 1383 ഹെക്ടര്‍ ഭൂമിയാണ്. ഇതില്‍ 185 ഹെക്ടര്‍ റെയില്‍വേ ഭൂമിയായിരിക്കും. 1198 ഹെക്ടര്‍ സ്വകാര്യ സ്ഥലമായിരിക്കും.