ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വിവരിക്കാനായി നടത്തുന്ന വിദേശ പര്യടനവുമായി ബന്ധപ്പെട്ട് മുഴുവൻ സംഘത്തിൻ്റെയും വിവരങ്ങൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടു. കോൺഗ്രസ് ഒഴിവാക്കിയ മനീഷ് തിവാരി, സൽമാൻ ഖുർഷിദ് ,അമർ സിംഗ് എന്നിവർ പട്ടികയിലുണ്ട്. സർക്കാർ ക്ഷണം നിരസിച്ചിട്ടും സൽമാൻ ഖുർഷിദിനെ ഉൾപ്പെടുത്തി. ശശി തരൂർ നേതൃത്വം നൽകുന്ന സംഘം യു എസ്, ബ്രസീൽ, പാനമ തുടങ്ങിയ രാജ്യങ്ങളാണ് സന്ദർശിക്കുക. കോൺഗ്രസ് നൽകിയ പട്ടികയിൽ നിന്ന് ഉൾപ്പെടുത്തിയത് ആനന്ദ് ശർമ്മയെ മാത്രമാണ്.
സിപിഎം എംപി ജോൺ ബ്രിട്ടാസ് ഉൾപ്പെട്ട സംഘം ഇന്തോനേഷ്യ മലേഷ്യ, കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കും. മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ഉൾപ്പെട്ട സംങം ഈജിപ്ത് ,ഖത്തർ ,എത്യോപ്യ, ദക്ഷിണാഫ്രിക്ക രാജ്യങ്ങളിലേക്കും മുസ്‌ലിം ലീഗ് എംപി ഇടി മുഹമ്മദ് ബഷീർ ഉൾപ്പെട്ട സംഘം യു എ ഇ ,കോംഗോ തുടങ്ങിയ രാജ്യങ്ങളിലും പോകും. മനീഷ് തിവാരിയെ ഈജിപ്ത്, ഖത്തർ, എത്യോപ്യ രാജ്യങ്ങൾ സന്ദർശിക്കുന്ന പട്ടികയിലും സൽമാൻ ഖുർഷിദിനെ ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുന്ന സംഘത്തിലുമാണ് ഉൾപ്പെടുത്തിയത്. ഗുലാം നബി ആസാദ് സൗദി, കുവൈറ്റ്, ബഹ്റിൻ ,അൽജീരിയ രാജ്യങ്ങൾ സന്ദർശിക്കുന്ന പട്ടികയിലാണ് ഉൾപ്പെടുത്തിയത്. എം.ജെ അക്ബറും പട്ടികയിലുണ്ട്. 7 സംഘങ്ങളിലായി 59 അംഗ സംഘമാണ് വിദേശ രാജ്യങ്ങൾ സന്ദർശിച്ച് ഇന്ത്യൻ നിലപാട് വിശദീകരിക്കുന്നത്.