ജൻധൻ ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ; നന്ദിയറിയിച്ച് മോദിക്ക് കർഷകൻ കത്തയച്ചു .അവസാനം യാഥാർത്ഥ്യം അറിഞ്ഞപ്പോൾ കർക്ഷകൻ്റെ 'കിളി " പോയി


മുംബൈ : ജൻധൻ ബാങ്ക് അക്കൗണ്ടിൽ വന്ന 15 ലക്ഷം രൂപ പ്രധാനമന്ത്രി നൽകിയതെന്ന് വിശ്വസിച്ച കർഷകൻ വെട്ടിലായി. മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിലെ പൈത്തൻ താലൂക്കിലെ കർഷകൻ ജ്ഞാനേശ്വർ ഓടെയുടെ ജൻധൻ ബാങ്ക് അക്കൗണ്ടിലേക്ക് അപ്രതീക്ഷിതമായി 15 ലക്ഷമെത്തി.
പ്രധാനമന്ത്രി നൽകിയതാണെന്നുകരുതി ജ്ഞാനേശ്വർ പണമുപയോഗിച്ച് വീടുപണിതു. സത്യമറിഞ്ഞപ്പോൾ ജ്ഞാനേശ്വർ ഞെട്ടി. ബാങ്കിൽനിന്ന്‌ അബദ്ധത്തിൽ ജ്ഞാനേശ്വറിന്റെ അക്കൗണ്ടിലേക്കുവന്ന പണമായിരുന്നു അത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ജ്ഞാനേശ്വറിന്റെ ജൻധൻ ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ വന്നത്.
തിരഞ്ഞെടുപ്പുപ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ വാഗ്ദാനം പാലിച്ചുവെന്നുകരുതിയ ജ്ഞാനേശ്വർ നന്ദിയറിയിച്ച് മോദിക്ക് കത്തെഴുതുകയുംചെയ്തു. ഒമ്പതുലക്ഷം രൂപ പിൻവലിച്ച് വീട് നിർമിച്ചുകഴിഞ്ഞപ്പോഴാണ് ജ്ഞാനേശ്വർ പണംവരവിന്റെ യഥാർഥകഥയറിഞ്ഞത്
പിമ്പൽവാടി ഗ്രാമപ്പഞ്ചായത്തിന്റെ വികസനാവശ്യങ്ങൾക്കുള്ള പണം ബാങ്ക് ഓഫ് ബറോഡയാണ് അബദ്ധത്തിൽ ജ്ഞാനേശ്വറിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത്. ആറുമാസങ്ങൾക്കുശേഷമാണ് ബാങ്ക് ഈ അബദ്ധം തിരിച്ചറിഞ്ഞത്. ഉടൻ പണം തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് ബാങ്ക് ജ്ഞാനേശ്വറിന് നോട്ടീസ് അയക്കുകയും ചെയ്തു.
താൻ വെട്ടിലായെന്ന് തിരിച്ചറിഞ്ഞ ജ്ഞാനേശ്വർ, അക്കൗണ്ടിൽ ബാക്കിയുണ്ടായിരുന്നു ആറുലക്ഷം രൂപ ബാങ്കിൽ തിരിച്ചടച്ചു. എന്നാൽ, വീടുപണിയാനുപയോഗിച്ച ഒമ്പതുലക്ഷം രൂപ എങ്ങനെ തിരിച്ചടയ്ക്കുമെന്ന ആധിയിലാണിപ്പോൾ ജ്ഞാനേശ്വർ. ‘‘പ്രധാനമന്ത്രി മോദി അക്കൗണ്ടിലേക്ക് അയച്ച പണമാണെന്നാണ് കരുതിയത്. എന്നാൽ, വീടുപണിക്കായി ചെലവഴിച്ച ഒമ്പതുലക്ഷം രൂപ തിരിച്ചടയ്ക്കാനായിട്ടില്ല’’ -ജ്ഞാനേശ്വർ പറഞ്ഞു.
Previous Post Next Post