ചിങ്ങവനത്തെ പോക്‌സോ കേസ് പ്രതിയായ യുവാവിനെ മണർകാട് മാലത്തെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പെൺകുട്ടിയുടെ പിതാവിന് അയച്ചുകൊടുക്കുകയും ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയാണ് പ്രതിയുടെ ആത്മഹത്യ
കോട്ടയം: ചിങ്ങവനത്തെ പോക്‌സോ കേസ് പ്രതിയായ യുവാവിനെ മണർകാട് മാലത്തെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചത് ജാമ്യത്തിലിറങ്ങി മൂന്നാം ദിവസം.

മണർകാട് മാലം ചെറുകരയിൽ അനന്ദു സി.മധുവിനെ(23)യാണ് അയർക്കുന്നത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ വീടിനുള്ളിൽ തൂങ്ങി നിന്ന യുവാവിനെ വീട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു. 

കഴിഞ്ഞ ഡിസംബറിലാണ് അനന്ദു പോക്സോ കേസിൽ അറസ്റ്റിലാകുന്നത്. പ്രായപൂർത്തിയാകാത്ത  പെൺകുട്ടിയുമായി പ്രതി സോഷ്യൽ മീഡിയവഴി പരിചയത്തിലാവുകയായിരുന്നു. തുടർന്ന് വീട്ടിലെത്തി പെൺകുട്ടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇയാൾ തൻ്റെ മൊബൈൽഫോണിൽ പകർത്തിയിരുന്നു. ഈ ചിത്രങ്ങളും വീഡിയോകളും കുട്ടിയുടെ പിതാവിന് അയച്ചുകൊടുക്കുകയായിരുന്നു.

ഇത് കണ്ട പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതിപ്പെടുകയും ഇതേതുടർന്ന് അനന്ദുവിനെ മണിക്കുറുകൾക്കകം പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

അതേസമയം, പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇയാൾ പുറത്ത് പറഞ്ഞത്. താൻ അറസ്റ്റ് ചെയ്യപ്പെടുന്നതിന് തൊട്ടുമുൻപുള്ള ദിവസം ബ്ലേഡ് വിഴുങ്ങിയതായി ഇയാൾ പോലീസിനോട് പറഞ്ഞു.

ഇതേ തുടർന്ന് ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. അപകടനില തരണം ചെയ്തതിനേ തുടർന്നാണ് അനന്ദുവിനെ അറസ്റ്റ് ചെയ്തത്.

ചിങ്ങവനം എസ്എച്ച്ഒ ടി ആർ ജിജു, എസ് ഐ സുധീപ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിജു വിശ്വനാഥ്, സതീശൻ എന്നിവരാണ് പരാതി ലഭിച്ച് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടിയത്.

പോക്‌സോ കേസിൽ റിമാൻഡിലായിരുന്ന യുവാവ് ദിവസങ്ങൾക്കു മുൻപാണ് ജാമ്യത്തിലിറങ്ങിയത്.
Previous Post Next Post