സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് മറൈൻ ഡ്രൈവിൽ തുടക്കം

കൊച്ചി :  സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് മറൈൻ ഡ്രൈവിൽ തുടക്കമാകും. രാവിലെ ഒമ്പതരയ്ക്ക് മുതിർന്ന നേതാവ് ആനത്തലവട്ടം ആനന്ദൻ പാർട്ടി പതാക ഉയർത്തും. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രവർത്തനം വിലയിരുത്തുന്നതോടൊപ്പം, കേരള വികസനത്തിനു പുതിയ കാഴ്ച്ചപ്പാടുകൾ നിർദേശിക്കുന്ന നയരേഖയും സമ്മേളനത്തിൽ അവതരിപ്പിക്കും.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും മുഖ്യമന്ത്രി പിണറായി വിജയൻ വികസന നയരേഖയും അവതരിപ്പിക്കും. 

വൈകിട്ട് ഗ്രൂപ്പ് ചർച്ച നടക്കും. സിപിഎം പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദകാരാട്ട്, എം.എ.ബേബി, എസ്.രാമചന്ദ്രൻപിള്ള തുടങ്ങിയവർ സമ്മേനത്തിൽ പങ്കെടുക്കും. 400 പ്രതിനിധികളാണ് വിവിധ ജില്ലകളിൽനിന്ന് സമ്മേളനത്തിന് എത്തുന്നത്. ബുധനാഴ്ച പൊതു ചർച്ചയും വ്യാഴാഴ്ച വികസനരേഖയെക്കുറിച്ചുള്ള ചർച്ചയും നടക്കും. വെള്ളിയാഴ്ച സമ്മേളനം സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

കാര്യമായ സംഘടനാ പ്രശ്നങ്ങളില്ലാതെ തുടർ ഭരണമെന്ന ചരിത്രനേട്ടത്തിന്റെ പശ്ചാത്തലത്തിലാണ് സമ്മേളനം. ഈ ആത്മവിശ്വാസമുള്ളപ്പോൾതന്നെ ഭരണത്തുടർച്ച ഉറപ്പാക്കാനുള്ള വലിയ ഉത്തരവാദിത്വം ഏറ്റെടുത്താണ് സിപിഎം സംസ്ഥാന സമ്മേളനത്തിലേക്കു കടക്കുന്നത്. പഴയരീതിയിൽ വിഭാഗീയത ഇല്ലെങ്കിലും പ്രാദേശികതലത്തിൽ വ്യത്യസ്ത രീതികളിൽ വിഭാഗീയത തലപൊക്കുന്നത് പാർട്ടി ഗൗരവത്തോടെ കാണുന്നു. പ്രാദേശിക പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള  സംഘടനാ ഇടപെടലുകൾ സമ്മേളനം ചർച്ച ചെയ്യും. കോടിയേരി ബാലകൃഷ്ണൻ മൂന്നാം തവണയും സംസ്ഥാന സെക്രട്ടറിയാകാനാണ് സാധ്യത. 75 വയസെന്ന പ്രായപരിധി നിബന്ധന കർശനമാക്കുന്നതിനാൽ പല മുതിർന്ന നേതാക്കൾക്കും ചെറുപ്പക്കാര്‍ക്ക് വഴിമാറി കൊടുക്കേണ്ടി വരും. സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും കൂടുതൽ യുവാക്കളെത്തും. 

തുടർ ഭരണത്തിലൂടെ ചരിത്രം സൃഷ്ടിച്ച പിണറായി വിജയനാകും സമ്മേളനത്തിലെ പ്രധാന ആകർഷണം. വി.എസ്.അച്യുതാനനന്റെ സാന്നിധ്യമില്ലാത്ത ആദ്യ സംസ്ഥാന സമ്മേളനം കൂടിയാണിത്. അനാരോഗ്യത്തെ തുടർന്ന് വിശ്രമത്തിലാണ് വിഎസ്.

 എൺപതുകളുടെ അവസാന പാദം മുതൽ പാർട്ടി വിഭാഗീയതയുടെ ഒരു വശത്ത് വിഎസും ഉണ്ടായിരുന്നു. പലപ്പോഴും സമ്മേളനത്തിന്റെ അജൻഡകൾ നിർണയിച്ചതും നേതൃത്വത്തെ മാറ്റിയെഴുതിയതും വിഎസ് ആയിരുന്നു. ആലപ്പുഴയിൽ അപമാനിതനായും തൃശൂരിൽ പാർട്ടിക്കു കീഴ്പ്പെട്ടും വിഎസ് വാർത്തകളിൽ നിറഞ്ഞു. എറണാകുളത്തെ സമ്മേളനത്തിൽ അസാന്നിധ്യംകൊണ്ടും.


Previous Post Next Post