പൊലീസിന് നേരെ മദ്യപസംഘത്തിന്റെ ആക്രമണം; സിഐയ്ക്ക് മര്‍ദ്ദനമേറ്റു 
തിരുവനന്തപുരം: ശിങ്കാരത്തോപ്പ് കോളനിയില്‍ പൊലീസിന് നേരെ ആക്രമണം. ഫോര്‍ട്ട് സിഐ ജെ രാകേഷ് അടക്കം മൂന്ന് പൊലീസുകാര്‍ക്ക് മര്‍ദ്ദനമേറ്റു. തലയ്ക്ക്് പരിക്കേറ്റ രാകേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെയാണ് സംഭവം. മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സിഐ അടങ്ങുന്ന പൊലീസ് സംഘം സംഭവസ്ഥലത്തെത്തിയത്. പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികള്‍ അടക്കമുള്ളവരാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയത്. ഇവര്‍ പരസ്പരം ചേരിതിരിഞ്ഞ് ആക്രമിക്കാന്‍ ഒരുങ്ങി നില്‍ക്കുകയായിരുന്നു. 

ഇവരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിന് പകരം വിരട്ടിയോടിക്കാനാണ് പൊലീസ് ശ്രമിച്ചത്. അതിനിടെയാണ് സംഘത്തിലെ ചിലര്‍ പിന്നില്‍ നിന്ന് സിഐയെ ആക്രമിച്ചത്. 

കമ്പിവടി കൊണ്ട് സിഐയുടെ കഴുത്തില്‍ അടിക്കുകയായിരുന്നു. കൂടാതെ സംഘര്‍ഷത്തില്‍ രണ്ടു പൊലീസുകാര്‍ക്കും പരിക്കേറ്റു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം സിഐയെ അടക്കം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. അക്രമികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Previous Post Next Post