എം ശിവശങ്കറിന്റെ ആത്മകഥയ്‌ക്കെതിരെ കേന്ദ്ര അന്വേഷണം ആരംഭിച്ചു
കൊച്ചി: മുന്‍കൂട്ടി അനുവാദം വാങ്ങാതെ ആത്മകഥ എഴുതിയതിന് സ്വര്‍ണകടത്ത് കേസിലെ പ്രതിയും മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനുമായ എം ശിവശങ്കറിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ പാഴ്‌സല്‍ ആന്റ് ട്രെയിനിംഗ് വകുപ്പ് അന്വേഷണം ആരംഭിച്ചു.

കേന്ദ്ര അന്വേഷണ ഏജന്‍സികളുടെയും അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന്റെയും വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന രീതിയിലാണ് പുസ്തകത്തിന്റെ ഉള്ളടക്കമെന്ന് ഇന്റലിജന്‍സ് ബ്യൂറോ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
കേസില്‍ കേന്ദ്ര ഏജന്‍സിക്കു വേണ്ടി ഹാജരായ ഇന്ത്യയുടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനെ 'കോടതിയോട് നുണ പറയുന്ന സര്‍ക്കാര്‍ വക്കീല്‍' എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ഇത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും സോളിസിറ്റര്‍ ജനറലിന്റെ വാദങ്ങള്‍ അംഗീകരിച്ച കോടതി വിധിയുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്ന തരത്തിലുമാണെന്നാണ്  
റിപ്പോര്‍ട്ടില്‍ പറയുന്നത്.

സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കേസുകളില്‍ ശിവശങ്കറിനെതിരെ അന്വേഷണം നടത്തുന്ന കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവരെയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

അന്വേഷണം പൂര്‍ത്തിയാക്കി വിചാരണ ആരംഭിക്കാത്ത സാഹചര്യത്തില്‍ ഇങ്ങനെയുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത് ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍സിന്റെയും പെരുമാറ്റ ചട്ടങ്ങളുടെയും ലംഘനമാണെന്നാണ് കേന്ദ്ര മന്ത്രാലയം അറിയിച്ചത്. പ്രാഥമിക അന്വേഷണത്തിനു ശേഷം കേന്ദ്രമന്ത്രാലയം സംസ്ഥാന സര്‍ക്കാരിന്റെയും ശിവശങ്കറിന്റെയും വിശദീകരണം തേടും.Previous Post Next Post