പുലി ഭീതി വിട്ടൊഴിയാതെ ടിആർ ആൻഡ് ടി എസ്റ്റേറ്റ് , ഉറക്കം നഷ്ടപ്പെട്ട് തോട്ടം തൊഴിലാളികൾ


മുണ്ടക്കയം :  പുലി ഭീതി വിട്ടൊഴിയാതെ ടിആർ ആൻഡ് ടി എസ്റ്റേറ്റ്. ഇന്നലെ കടമാൻകുളം കൊടിക്കാട് ഭാഗത്തു പുലിയെ കണ്ടതായി നാട്ടുകാർ. ഇതിന് തെളിവായി പുലിയുടേതെന്ന് കാൽപാടുകൾ തദ്ദേശ വാസികൾ ചൂണ്ടിക്കാട്ടുന്നു. ഇത് പുലിയുടേതു തന്നെയെന്നാണു പ്രാഥമിക നിഗമനവും.

 കൊമ്പുകുത്തി മേഖലയിൽ പുലിയുടെ അലർച്ച കേട്ടതായും നാട്ടുകാർ പറയുന്നുണ്ട്. ഇഡികെ ഡിവിഷനിൽ വനപാലകർ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങിയിട്ടില്ല.കടമാൻകുളത്തിനും മഞ്ഞക്കല്ലിനും ഇടയിൽ കൊടിക്കാട് ശ്മശാനം ഭാഗത്താണ് ഇന്നലെ പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത്. 

മണലിൽ കാൽപാടുകളുണ്ട്. കഴിഞ്ഞ ദിവസം ഇഡികെ ഡിവിഷനിൽ പശുവിനെ കൊലപ്പെടുത്തിയ പുലി തന്നെയാകാം ഇതെന്നാണു നിഗമനം. ചത്ത പശുവിന്റെ പാതി ഭാഗം അവിടെ കിടക്കുന്നതിനാൽ പുലി വീണ്ടും എത്തുമെന്ന പ്രതീക്ഷയിലാണ് ഇവിടെ കൂടു സ്ഥാപിച്ചത്. 

പുലിയെ വലയിൽ വീഴ്ത്താൻ കഴിയാത്തതിനാൽ തൊഴിലാളികളും എസ്റ്റേറ്റ് ലയങ്ങളിൽ താമസിക്കുന്നവരും ഭീതിയിലാണ്. നായ്ക്കളെ കാണാതാകുകയും കടിച്ച് കൊന്ന നിലയിൽ കണ്ടെത്തുകയും ചെയ്ത സംഭവം മുൻപുണ്ടായിട്ടുണ്ട്. 

ജനവാസ മേഖലയിൽ പുലി ഉണ്ടെന്ന് ഉറപ്പിച്ചതോടെ വനം വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാണു ജനങ്ങളുടെ ആവശ്യം.
Previous Post Next Post