വ്യാജ പീഡന പരാതിയില്‍ തന്നെ സഹായിക്കാന്‍ ശിവശങ്കര്‍ ക്രൈംബ്രാഞ്ചിനെ വിളിച്ചു; വെളിപ്പെടുത്തലുമായി സ്വപ്ന
 
തിരുവനന്തപുരം: തനിക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നില്‍ എം ശിവശങ്കര്‍ ആകാമെന്ന് സ്വപ്‌ന സുരേഷ്. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന് എതിരെ വ്യാജ പീഡന പരാതി നല്‍കിയെന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് സ്വപ്‌നയുടെ പ്രതികരണം. അധികാരമുള്ളവര്‍ക്ക് എതിരെ സത്യം പറയുമ്പോള്‍ തിരിച്ചടി തുടങ്ങിയിരിക്കുന്നു എന്നുവേണം കാണാന്‍ എന്ന് സ്വപ്‌ന പറഞ്ഞു. 

സര്‍ക്കാരിനെ കുറിച്ചല്ല പറയുന്നത്. ശിവശങ്കര്‍ എന്ന വ്യക്തിയെക്കുറിച്ചാണ്. ഈ കേസ് അന്വേഷണ സമയത്ത് തന്നെ സഹായിക്കാനായി ശിവശങ്കര്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു. ഇപ്പോള്‍ പെട്ടെന്ന് ചാര്‍ജ് ഷീറ്റ് വരുമ്പോള്‍ സത്യം പറയുമ്പോള്‍ ഉണ്ടാകുന്ന റിയാക്ഷന്‍ ആയിരിക്കും.

കേസിനെക്കുറിച്ച് പറയാന്‍ താത്പര്യമില്ല. പെട്ടെന്ന് കേസു വന്നതിന് പിന്നില്‍, ശിവശങ്കറിന്റെ അധികാരം ഉപയോഗിച്ച് തന്നെ ഉപദ്രവിക്കാന്‍ ആയിരിക്കുമെന്നും സ്വപ്‌ന കൂട്ടിച്ചേര്‍ത്തു. 

സ്വപ്‌നക്കെതിരെ കുറ്റപത്രം 

എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന് എതിരെ വ്യാജ പീഡന പരാതി നല്‍കിയ സംഭവത്തില്‍ സ്വപ്ന സുരേഷിന് എതിരെ കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്. എയര്‍ ഇന്ത്യ സാറ്റ്സ് വൈസ് ചെയര്‍മാന്‍ ബിനോയ് ജേക്കബ് ആണ് ഒന്നാം പ്രതി. സ്വപ്ന അടക്കം കേസില്‍ പത്ത് പ്രതികളാണുള്ളത്. പരാതി നല്‍കി അഞ്ചു വര്‍ഷം കഴിഞ്ഞാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

എയര്‍ ഇന്ത്യ സാറ്റ്സ് ഉദ്യോഗസ്ഥനായിരുന്ന സിബുവിന് എതിരെ വ്യാജ ലൈംഗിക പീഡന പരാതി നല്‍കിയെന്നാണ് കേസ്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

എയര്‍ ഇന്ത്യ സാറ്റ്സ് ആഭ്യന്തര അന്വേഷണ സമിതിയിലെ അംഗങ്ങളെയും കുറ്റപത്രത്തില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. സ്വപ്ന സുരേഷ് എയര്‍ ഇന്ത്യ സാറ്റ്സ് എച്ച് ആര്‍ വിഭാഗത്തില്‍ ജോലി ചെയ്യവെ, സ്വപ്നയും ബിനോയ് ജേക്കബും ചേര്‍ന്ന് സിബുവിന് എതിരെ മറ്റു ജീവനക്കാരികളുടെ പേരില്‍ വ്യാജ പരാതി നല്‍കുകയും ഇത് പരിശോധിച്ച ആഭ്യന്തര അന്വേഷണ സമിതി, സിബു കുറ്റക്കാരനാണെന്ന് കണ്ടെത്തി ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തുകയായിരുന്നു.

തുടര്‍ന്ന് സിബു കോടതിയെ സമീപിക്കുകയും മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച്, അന്വേഷണത്തില്‍ കാലതാമസം വരുത്തുകയായിരുന്നു.

Previous Post Next Post