ആസൂത്രിത കൊലപാതകം,ശ്രീനിജന്‍ എംഎല്‍എയാണ് ഒന്നാം പ്രതിയെന്നും സാബു എം.ജേക്കബ്
കൊച്ചി : ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റേത് ആസൂത്രിത കൊലപാതകമാണെന്ന് സാബു എം ജേക്കബ്.പ്രൊഫഷണല്‍ രീതിയിലുള്ള ആക്രമണമായിരുന്നെന്നും ശ്രീനിജന്‍ എംഎല്‍എയാണ് കേസിലെ ഒന്നാം പ്രതിയെന്നും ട്വന്റി ട്വന്റി ചീഫ് കോ ഓര്‍ഡിനേറ്ററായ സാബു ആരോപിച്ചു.

 പുറത്തേക്ക് യാതൊരു പരിക്കും ഏല്‍ക്കാതെ ആന്തരികമായ ക്ഷതമേല്‍പ്പിക്കുന്ന മര്‍ദ്ദനമാണ് നടത്തിയത്. ആന്തരികമായേറ്റ ക്ഷതമാണ് ദീപുവിന്റെ മരണത്തിന് കാരണമെന്നും സാബു പറഞ്ഞു.

ശ്രീനിജന്‍ എംഎല്‍എയായ ശേഷം തങ്ങളുടെ 50 പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടെന്നും പത്ത് മാസമായി കിഴക്കമ്പലത്ത് ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകളിലും ക്രമസമാധാനം ഇല്ലാത്ത അവസ്ഥയാണെന്നും സാബു പറഞ്ഞു. ദീപുവിന്റെ അയല്‍വാസികള്‍ പോലും എംഎല്‍എയ്ക്ക് എതിരെ പ്രതികരിക്കാന്‍ ഭയക്കുന്നു. ആരെങ്കിലും പ്രതികരിച്ചാല്‍ അവര്‍ക്കെതിരെ ഭീഷണി ഉയര്‍ത്തുകയാണ്.

അക്രമി സംഘം ശ്രീനിജന്‍ എംഎല്‍എയുമായി കൃത്യം നടത്തുന്നതിന് മുന്‍പും ശേഷവും ബന്ധപ്പെട്ടിട്ടുണ്ട്. ശ്രീനിജന്‍ എംഎല്‍എയാണ് കേസിലെ ഒന്നാം പ്രതി. രാഷ്ട്രീയ ബലവും, കോടതികളില്‍ ഉള്ള സ്വാധീനവും ഉപയോഗിച്ച്‌ ശ്രീനിജന്‍ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ആര്‍ക്കും പരാതി പറയാന്‍ പോലും ധൈര്യം ഇല്ലെന്നും സാബു ആരോപിച്ചു.

തികച്ചും വാസ്തവവിരുദ്ധമായ ആരോപണങ്ങളാണ് സാബു ഉന്നയിക്കുന്നതെന്ന് എംഎല്‍എ പി വി ശ്രീനിജന്‍ പ്രതികരിച്ചു. ദീപുവിന്റെ മരണത്തിന് പിന്നാലെ യാതൊരു ബന്ധവുമില്ലാത്ത തന്നെ വലിച്ചിഴയ്ക്കുകയാണെന്നും ആരോപണം പൊലീസ് അന്വേഷിക്കട്ടെ എന്നുമാണ് ശ്രീനിജന്‍ പ്രതികരിച്ചത്.

 അറസ്റ്റിലായവരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്ന നിലയില്‍ എനിക്ക് വ്യക്തിപരമായി അറിയാം. പക്ഷെ ഈ സംഭവവുമായി ബന്ധപ്പെട്ട യാതൊരു ബന്ധവും ഇല്ലെന്ന് എവിടെവേണമെങ്കിലും തെളിയിക്കാം. പൊലീസ് എന്റെ ഫോണ്‍ അടക്കം പരിശോധിച്ചോട്ടെ. സാബു പറയുന്നത് തികച്ചും ബാലിശമായ കാര്യങ്ങളാണ്, ശ്രീനിജന്‍ പറഞ്ഞു.


Previous Post Next Post