പ്രണയം പോക്സോ കേസിൽ ജാമ്യം ലഭിക്കാൻ മതിയായ കാരണമല്ല: സുപ്രീം കോടതി


ന്യൂഡൽഹി: പീഡനത്തിന് ഇരയാക്കിയ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന കാരണത്താൽ പ്രതിക്ക് ജാമ്യം അനുവദിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തിയ കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ച ജാർഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. 

ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ്, പ്രണയം ജാമ്യം ലഭിക്കാൻ മതിയായ കാരണമല്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. 

കഴിഞ്ഞ വർഷം ജനുവരി 27നു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം ചെയ്ത് ഹോട്ടലിലെത്തിച്ചു പീഡിപ്പിച്ചെന്നായിരുന്നു പരാതി. പിന്നീട് ഇയാൾ വിവാഹത്തിൽ നിന്നു പിന്മാറുകയും പെൺകുട്ടിയുടെ അച്ഛനു സ്വകാര്യ വിഡിയോ ഉൾപ്പെടെ അയയ്ക്കുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു.

മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും റാഞ്ചി സ്പെഷൽ ജഡ്ജി ഇതു നിരസിച്ചു. തുടർ‌ന്നു കീഴടങ്ങിയ പ്രതിക്ക് ഹൈക്കോടതി ജാമ്യം നൽകി. ഇരുവരും പ്രണയത്തിലായിരുന്നെന്നും വിവാഹവാഗ്ദാനം ലംഘിച്ചപ്പോൾ മാത്രമാണ് പെൺകുട്ടി പരാതി നൽകിയതെന്നുമാണ് ഹൈക്കോടതി കാരണമായി ചൂണ്ടിക്കാട്ടിയത്. എന്നാൽ സുപ്രീം കോടതി ഈ നിലപാട് അംഗീകരിച്ചില്ല. 


Previous Post Next Post