കൊച്ചി മെട്രോ പാളത്തില്‍ ചെരിവ്; പത്തടിപ്പാലത്ത് ട്രെയിന്‍ വേഗം കുറച്ചു, പരിശോധന തുടരുന്നതായി കെഎംആര്‍എല്‍കൊച്ചി: കൊച്ചി മെട്രോ പാളത്തിന് ചെരിവുള്ളതായി കണ്ടെത്തല്‍. കൊച്ചി പത്തടിപ്പാലത്ത് 374-ാം നമ്പര്‍ തൂണിന് സമീപമാണ് ചെരിവ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് തൂണിന്റെ അടിത്തറ പരിശോധിക്കാന്‍ കുഴിയെടുത്തിട്ട് ഒരാഴ്ചയോളമായി. പരിശോധിക്കാനുള്ള ഉപകരണം എത്താന്‍ കാത്തിരിക്കുകയാണ്. 

മെട്രോ പാളത്തിന്റെ ചെരിവ് പാളം ഉറപ്പിച്ചിട്ടുള്ള കോണ്‍ക്രീറ്റ് ഭാഗത്തിന്റെ (വയഡക്ട്) ചെരിവാണെന്ന് സംശയിച്ചെങ്കിലും അതല്ലെന്നാണ് ആദ്യ വിലയിരുത്തല്‍. പാളം ഉറപ്പിച്ചിരിക്കുന്ന ബുഷുകളിലെ തേയ്മാനം മൂലവും ചെരിവുണ്ടാകാം. അങ്ങനെയെങ്കില്‍ ബുഷ് മാറ്റിവച്ചാല്‍ പ്രശ്‌നം തീരും. വയഡക്ടിന്റെ ചെരിവാണെങ്കിലും പരിഹരിക്കാനാകും. 

എന്നാല്‍ തൂണിനു ചെരിവുണ്ടെങ്കില്‍ കാര്യം ഗുരുതരമാകും. അതേസമയം, തൂണിന്റെ ചെരിവ് ആണെങ്കിൽ പോലും അതു പരിഹരിക്കാൻ കഴിയുമെന്ന് എൻജിനീയർമാർ അഭിപ്രായപ്പെട്ടു. ഡിഎംആർസിയുടെ മേൽനോട്ടത്തിലാണ് ആലുവ മുതൽ പേട്ട വരെയുള്ള 25 കിലോമീറ്റർ മെട്രോ നിർമിച്ചത്. 

ആശങ്ക വേണ്ടെന്ന് കെഎംആർഎൽ

ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ലെന്ന് കെഎംആർഎൽ വ്യക്തമാക്കി. വയഡക്ടിനും ട്രാക്കിനും ഇടയിൽ ചെറിയൊരു വിടവു ശ്രദ്ധയിൽപ്പെട്ടു. അത് പരിശോധിച്ചു വരികയാണ്. മുകൾ ഭാഗത്തെ പരിശോധന കഴിഞ്ഞു. താഴ്ഭാഗത്തുകൂടി സമഗ്ര പരിശോധന നടത്തും. അതിനു വേണ്ടിയാണു തൂണിനോടു ചേർന്നു കുഴിയെടുത്തത്. 

മെട്രോ സർവീസിനെ ഇതു ബാധിക്കില്ല. പരിശോധന പൂർത്തിയാവും വരെ പത്തടിപ്പാലം ഭാഗത്തു ട്രെയിനുകൾക്ക് വേഗം കുറച്ചിട്ടുണ്ടെന്നും കെഎംആർഎൽ അറിയിച്ചു. ട്രാക്കിലെ ചെരിവ് തൂണിന്റെ പ്രശ്നം മൂലമാണെങ്കിൽ ചുരുങ്ങിയത് 6 മാസത്തേക്കെങ്കിലും ഈ ഭാഗത്ത് മെട്രോ സർവീസ് നിർത്തിവയ്ക്കേണ്ടി വന്നേക്കാം. 


Previous Post Next Post