ഉടമ മരിച്ചു, ആകെ തകർന്ന് തത്തമ്മ , വാ തുറന്നാൽ മുട്ടൻ തെറി,.. സോഷ്യൽ മീഡിയായിൽ വൈറലായി തത്തമ്മ


ഒമ്പത് വയസ്സുള്ള ആഫ്രിക്കൻ ഗ്രേ തത്തയാണ് ജെസ്സേ. തന്റെ പ്രിയപ്പെട്ട ഉടമ മരിച്ചപ്പോൾ തകർന്നു പോയ അവൻ തീർത്തും വിഷാദത്തിലായിരുന്നു. തൂവലുകൾ പറിച്ചെടുക്കുന്നത് പോലെയുള്ള സ്വയം വേദനിപ്പിക്കുന്ന സ്വഭാവങ്ങൾ പോലും പ്രകടിപ്പിച്ചിരുന്നു ആ സമയത്ത് അവൻ.

അതുവരെ നിരവധി വാക്കുകൾ ഉച്ചരിച്ചിരുന്ന ആ ചുണ്ടിൽ നിന്ന് "ഗുഡ്ബൈ" എന്ന് മാത്രമേ കേൾക്കാൻ കഴിയുമായിരുന്നുള്ളൂ. ഈ അവസ്ഥയിൽ നിന്ന് പുറത്ത് കൊണ്ടുവരാനായി രക്ഷാപ്രവർത്തകർ അവനെ ഒരു പുതിയ വീട്ടിലേയ്ക്ക് കൂട്ടി കൊണ്ടുപോയി.
ഇതോടെ വീണ്ടും സംസാരിച്ചു തുടങ്ങിയ തത്ത എന്നാൽ ശകാര വർഷമാണ് ഇപ്പോൾ നടത്തുന്നത്. തന്റെ പുതിയ ഉടമയോട് അവൻ പല അസഭ്യവാക്കുകളും പറയുകയാണത്രെ. സൗത്ത് വെയിൽസിലെ റേച്ചൽ ലെതറിന്റെ വീട്ടിലാണ് ഇപ്പോൾ തത്തയുള്ളത്. തന്റെ പ്രിയപ്പെട്ട മുൻ ഉടമക്കൊപ്പം വർഷങ്ങളോളം ജീവിച്ച ജെസ്സേയ്‌ക്ക് ഈ മാറ്റം താങ്ങാൻ കഴിഞ്ഞില്ല.

അതുകൊണ്ട് തന്നെ, ഇപ്പോൾ വായ തുറന്നാൽ തെറിയാണ്. ജെസ്സേ തന്റെ പുതിയ ഉടമയെ കാണുമ്പോഴെല്ലാം ശകാരിക്കുന്നു, ചീത്ത വിളിക്കുന്നു. പലതരം പരുക്കൻ ശബ്ദങ്ങൾ ഉണ്ടാക്കുന്നതിനോടൊപ്പം ഇടക്കിടെ ‌അധോവായു വിടുമ്പോഴുള്ള ശബ്ദങ്ങളും ഉണ്ടാക്കുന്നു. ‘അവന് ശബ്ദമുണ്ടാക്കാനും, തമാശ പറയാനും, ശകാരിക്കാനും ഇഷ്ടമാണ്. അവന്റെ ഭാഷ അല്പം കടുത്തതാണ്’ ഉടമ റേച്ചൽ ലെതർ പറയുന്നു.
അവന്റെ ഈ ധാർഷ്ട്യം എന്നാൽ ഉടമയെ ചൊടിപ്പിക്കുന്നില്ല. അവന്റെ ഈ തമാശകളെല്ലാം റേച്ചൽ ആസ്വദിക്കുന്നു. അവനില്ലാത്ത ജീവിതം തനിക്ക് ഇപ്പോൾ സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്ന് അവർ പറയുന്നു. ഇനിയുള്ള കാലം തത്തയെ അവർക്കൊപ്പം താമസിപ്പിക്കാനാണ് അവരുടെ പദ്ധതി. തത്തകൾ മനുഷ്യഭാഷ അനുകരിക്കാൻ മിടുക്കരാണ്. തത്തകളുടെ കൂട്ടത്തിൽ ആഫ്രിക്കൻ ഗ്രേകൾ കൂടുതൽ മികച്ച അനുകർത്താക്കളാണ്.

ഉടമയുടെ മരണ ശേഷം ജെസ്സെയേ ആഷ്‌ലി ഹെൽത്ത് ആനിമൽ സെന്റർ ഏറ്റെടുത്തു. അവൻ വളരെയധികം ദുഃഖിതനും, ഏകനുമായി കാണപ്പെട്ടു. ജെസ്സേയുടെ തുടക്കത്തിലേ മൗനം സെന്ററിലുള്ളവരെ ആശങ്കയിലാഴ്ത്തി. സെന്ററിലെ ജീവനക്കാർ ആദ്യം അവനെ കണ്ടപ്പോൾ, അവന് എന്തോ ഗുരുതരമായ ത്വക്ക് രോഗമാണെന്നാണ് കരുതിയത്. എന്നാൽ, ദുഃഖവും സമ്മർദവും മൂലം അവൻ തന്റെ തൂവലുകൾ സ്വയം കൊത്തി ദൂരെ എറിയുകയായിരുന്നുവെന്ന് പിന്നീടാണ് അവർക്ക് മനസ്സിലായത്.
നന്നായി സംസാരിച്ചിരുന്ന അവന് ഒരുപാട് വാക്കുകൾ അറിയാമായിരുന്നു. എന്നാൽ, ഉടമ മരിച്ച സമയത്ത് അവൻ ഗുഡ്ബൈ എന്ന വാക്കല്ലാതെ മറ്റൊന്നും ഉച്ചരിക്കാൻ തയ്യാറായില്ല. അവന്റെ ഈ ദയനീയമായ അവസ്ഥ കണ്ട് ജീവനക്കാർ ആശങ്കപ്പെട്ടു. ജെസ്സേക്ക് വേണ്ടത് സ്നേഹമുള്ള ഒരു കുടുംബമാണ് എന്നവർ തിരിച്ചറിഞ്ഞു. അപ്പോഴാണ് റേച്ചൽ എത്തുന്നത്.

ഒരു ഡോഗ് ബിഹേവിയറിസ്റ്റായ റേച്ചൽ ഫെബ്രുവരിയിൽ ജെസ്സിയെ വീട്ടിലേയ്ക്ക് കൂട്ടികൊണ്ടു പോയി. അവന്റെ ആത്മവിശ്വാസം മെച്ചപ്പെടുത്താനും, അവനെ കൊണ്ട് വീണ്ടും സംസാരിപ്പിക്കാനും റേച്ചലിന് കഴിഞ്ഞു. തുടർന്ന്, ജെസ്സെ ഇപ്പോൾ തന്റെ പദാവലി അല്പമൊന്ന് വിപുലീകരിച്ചിട്ടുണ്ട്. റേച്ചലിന്റെ പങ്കാളി അവളെ "ബേബ്" എന്ന് വിളിക്കുന്നത് കണ്ട് ജെസ്സേയും റേച്ചലിനെ "ബേബ്!" എന്നാണ് വിളിക്കുന്നത്.

എന്നിട്ട് അവളോട് ചില ചീത്തവാക്കുകളും പറയും. എന്നാൽ, റേച്ചൽ അതെല്ലാം ഒരു തമാശ പോലെ ആസ്വദിക്കുന്നു. തൂവലുകൾ പറിക്കുന്നത് ഇപ്പോഴും അവന്റെ മാറ്റാൻ ബുദ്ധിമുട്ടുള്ള ഒരു ശീലമാണെങ്കിലും, ചില തൂവലുകൾ വീണ്ടും വളരാൻ തുടങ്ങിയിരിക്കുന്നു. സംതൃപ്തനാണെന്നതിന്റെ സൂചനയായി, അവൻ ഇപ്പോൾ കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് കളിക്കുകയും, തന്റെ കൊക്ക് കൂടിന്റെ കമ്പിയിൽ ഉരസുകയും ചെയ്യുന്നു.
Previous Post Next Post