കെഎസ്ആര്‍ടിസി ബസില്‍ അധ്യാപികയ്ക്ക് നേരെ ലൈംഗികാതിക്രമം, സഹയാത്രികന്‍ കടന്നുപിടിച്ചു; 'കണ്ടക്ടറുടെ പെരുമാറ്റം അതിക്രമത്തേക്കാള്‍ വേദനിപ്പിച്ചെന്ന് പരാതി
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ സഹയാത്രികന്‍ മോശമായി പെരുമാറിയതായി യുവതിയുടെ പരാതി. സഹയാത്രികനെതിരെ പരാതിപ്പെട്ടപ്പോള്‍ കണ്ടക്ടറുടെ ഭാഗത്ത് നിന്ന് ഒരു ഇടപെടലും ഉണ്ടായില്ലെന്നും കോഴിക്കോട് സ്വദേശിനിയായ അധ്യാപിക പരാതിയില്‍ പറയുന്നു. കണ്ടക്ടര്‍ക്കെതിരെ സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്ന് യുവതി പറഞ്ഞു.

ഇന്നലെ രാത്രിയാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുമ്പോഴാണ് ദുരനുഭവം ഉണ്ടായത്. എറണാകുളത്തിനും തൃശൂരിനും ഇടയില്‍ വച്ചാണ് സഹയാത്രികന്‍ മോശമായി പെരുമാറിയത്. ഇക്കാര്യം അറിയിച്ചപ്പോള്‍ കണ്ടക്ടറുടെ ഭാഗത്ത് നിന്ന് യാതൊരുവിധ ഇടപെടലും ഉണ്ടായില്ലെന്നും അധ്യാപിക ആരോപിക്കുന്നു. തനിക്ക് നേരെ ഉണ്ടായ അതിക്രമത്തേക്കാള്‍ മുറിവേല്‍പ്പിച്ചത് കണ്ടക്ടറുടെ പെരുമാറ്റമാണെന്നും അധ്യാപിക മാധ്യമങ്ങളോട് പറഞ്ഞു.

കണ്ടക്ടറുടെ പെരുമാറ്റം തന്നെ മാനസികമായി തളര്‍ത്തി. ഇനി ആര്‍ക്കും ഇത്തരത്തില്‍ അനുഭവം ഉണ്ടാവാന്‍ പാടില്ല. കണ്ടക്ടര്‍ക്കെതിരെ സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കും. സുരക്ഷിതമാണ് എന്ന് കരുതിയാണ് കെഎസ്ആര്‍ടിസി യാത്ര ഇത്രയുംനാള്‍ തെരഞ്ഞെടുത്തത്. പന്ത്രണ്ട് കൊല്ലമായി ഒരു ഭയവും കൂടാതെ യാത്ര ചെയ്തിരുന്നതാണ്. ഇനി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കാര്യം ഓര്‍ക്കുമ്പോള്‍ പേടി തോന്നുന്നതായും അധ്യാപിക പറയുന്നു.


Previous Post Next Post